ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളോടൊപ്പം പിടിയിലായ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. മദ്യം, സ്ത്രീകളോടുള്ള അമിതമായ താല്‍പര്യം, വയാഗ്രയുടെ ഉപയോഗം എന്നിവയാണ് ജമ്മു കശ്മീര്‍ ഡിഎസ്പിയായിരുന്ന ദേവീന്ദര്‍ സിംഗിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ താളത്തിന്‍റെ താളം തെറ്റിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക എന്‍ഐഎ സംഘത്തിന്‍റെ ജുഡീഷ്യല്‍ റിമാന്‍റിലുള്ള ദേവീന്ദര്‍ സിംഗിനെക്കുറിച്ച് 'തനിച്ചുള്ള ചെന്നായ'യെന്നാണ് എന്‍ഐഎ വിലയിരുത്തുന്നത്. മറ്റുള്ളവരുടെ സഹായം കൂടാതെ തനിയെ ആയിരുന്നു തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. 

രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇയാളെ വിവരങ്ങള്‍ക്കായി നേരത്തെ തന്നെ ആശ്രയിക്കാറില്ലായിരുന്നുവെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വിശദമാക്കുന്നു. വളരെ വിചിത്രമായ ജീവിത ശൈലിയായിരുന്നു ദേവീന്ദര്‍ സിംഗിന്‍റേത്. സ്ഥിരമായി മദ്യം ഉപയോഗിച്ചിരുന്ന ദേവീന്ദര്‍ സിംഗിന് പന്ത്രണ്ടോളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വിശദമാക്കുന്നു. സെക്സിന് താന്‍ അടിമയായിരുന്നെന്ന് ഇയാള്‍ പറയാറുണ്ടായിരുന്നെന്നാണ് സഹപ്രവര്‍ത്തകരുടെ മൊഴി. ഇത്തരം ബന്ധങ്ങള്‍ക്കായി എത്ര പണം ചെലവാക്കാനും ദേവീന്ദര്‍ സിംഗിന് മടിയില്ലായിരുന്നു. സ്ഥിരമായി ലൈംഗിക ഉത്തേജന മരുന്നുകളും ഇയാള്‍ കഴിക്കുമായിരുന്നു. അറസ്റ്റിലായി നാല് ആഴ്ച പിന്നിട്ടതോടെ സിംഗ് ഏറെ ക്ഷീണിതനാണെന്നും സ്ഥിരമായി പൊലീസുകാരോട് ഭക്തി ഗാനങ്ങള്‍ കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. 

ശ്രീനഗറിലെ ഇന്ദിരാ നഗറിലെ ആഡംബര ബംഗ്ലാവിന്‍റെ നിര്‍മാണവും പുരോഗമിക്കുകയായിരുന്നു. ദേവീന്ദര്‍ സിംഗിന്‍റെ രണ്ട് കുട്ടികള്‍ വിദേശത്ത് എംബിബിഎസ് പഠനത്തിലാണ്. ആഡംബര ജീവിതത്തിനായി പണം കണ്ടെത്താനുള്ള എളുപ്പ വഴിയായാണ് ദേവീന്ദര്‍ തീവ്രവാദികളെ സഹായിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. ദേവീന്ദർ സിംഗിന്‍റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്‍റെ മാപ്പ് ലഭിച്ചിരുന്നു. കരസേനയുടെ 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ മാപ്പാണ് ദേവീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ  മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ഫുള്‍ ലൊക്കേഷന്‍ മാപ്പാണ് കണ്ടെത്തിയത്.  

ജനുവരി 11 നാണ് ഡിഎസ്‍പി ദേവീന്ദർ സിംഗ് ഹിസ്ബുൾ മുജാഹിദ്ദീന്‍ ഭീകരർക്കൊപ്പം ജമ്മുവില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ സഹായിക്കുന്നതിന് ഇടയിലാണ് ദേവീന്ദർ സിംഗ് പിടിയിലായത്. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ അക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. വന്‍തുക പ്രതിഫലം കൈപ്പറ്റിയാണ് ഇയാൾ ഭീകരരെ ദില്ലിയിലെത്തിക്കാന്‍ ശ്രമിച്ചത്.

നേരത്തേ ദേവീന്ദർ സിംഗിന്‍റ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടിയിരുന്നു. കശ്മീർ താഴ്വരയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനായിരുന്നു ദേവീന്ദർ സിങ്. കൊടിയ പീഡനങ്ങളുടെയും, നിർദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ മനുഷ്യാവകാശ സംഘടനകൾ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ള പൊലീസിന്‍റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്.