പട്ന: ബിഹാറിൽ ഭാര്യയെ വെടിവച്ചു കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ സിതാമർഹി സിറ്റിയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഏഴുതവണയാണ് ജവാനായ ചന്ദ്ര ഭൂഷൺ ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത്.

സിതാമർഹിയിലെ വാടക ഫ്ലാറ്റിൽവച്ചാണ് ചന്ദ്ര ഭൂഷൺ ഭാര്യ മധുവിനെ കൊന്ന് ആത്മഹത്യ ചെയ്തത്. പൊലീസ് കോൺസ്റ്റബിളായിരുന്ന ചന്ദ്ര ഭൂഷണനെ സിതാമർഹിയിൽ ക്വിക്ക് റെസ്‌പോൺസ് ടീമിലെ (ക്യുആർടി) ജവാനായി ഈയിടെയാണ് നിയമിച്ചത്. ചന്ദ്ര ഭൂഷൺ ഡ്യൂട്ടിയ്ക്ക് എത്താതായപ്പോൾ വീട്ടിൽ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തകർത്തായിരുന്നു സംഘം വീടുനുള്ളിലേക്ക് കയറിയതെന്ന് സിതാമർഹി എസ്പി അനിൽ കുമാർ പറഞ്ഞു.

ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറുമാസം മുമ്പാണ് ചന്ദ്ര ഭൂഷണും മധും വിവാഹിതരായത്.