Asianet News MalayalamAsianet News Malayalam

ജെസ്‍നയെ കാണാതായിട്ട് ഒരു വർഷം: കേസ് അവസാനിപ്പിക്കാൻ ആലോചിച്ച് പൊലീസ്

ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. വിപുലമായ തെരച്ചിൽ നടത്തി. നാണക്കേടോടെ അന്വേഷണം അവസാനിപ്പിക്കാൻ ആലോചിച്ച് പൊലീസ്. 

jesna maria james is missing for last one year
Author
Pathanamthitta, First Published Mar 22, 2019, 7:50 AM IST

പത്തനംതിട്ട: വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജസ്‍ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. നിരവധി പൊലീസ് സംഘങ്ങൾ മാറി മാറി അന്വേഷിച്ചിട്ടും ജസ്ന എവിടെയുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ജസ്‍നയുടെ തിരിച്ചുവരവിന് കാതോർത്ത് പിതാവും ജയിംസും സഹോദരനുംസഹോദരിയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജസ്‍ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22-ന് വീട്ടിൽ നിന്ന് ഇറങ്ങിയത്.

എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജസ്‍നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി.

ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അന്വേഷണത്തിൽ തുമ്പ് കണ്ടെത്താതെ വന്നതിനെ തുർന്ന് കഴിഞ്ഞ സെപ്തംബറിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.

നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനാൽ ജസ്‍നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാൾക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേടിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

Follow Us:
Download App:
  • android
  • ios