Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി; മന്ത്രിയുടെ അടക്കം പേരില്‍ സിപിഎം പുറത്താക്കിയ നേതാവിന്‍റെ തട്ടിപ്പ്

സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും പരാതി കിട്ടിയ ഉടൻ രാജേഷിനെ പുറത്താക്കിയെന്നുമാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. രാജന്‍റേതടക്കം മൂന്ന് പരാതികളിൽ ഇരുവരേയും പ്രതിചേർത്ത് എടക്കാട് പൊലീസ് കേസെടുത്തിട്ട് ഒരു മാസം പിന്നിട്ടു

Job fraud in kannur airport by former cpim local leader
Author
Kannur, First Published Dec 13, 2019, 7:51 AM IST

കണ്ണൂര്‍: മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും പേരിൽ കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി പരാതി. അൻപതിലധികം പേരിൽ നിന്നാണ് പണം തട്ടിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ മറ്റൊരാൾക്കുമെതിരെ കേസെടുത്ത് ഒരു മാസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കാടാച്ചിറ മാളികപ്പറമ്പ് സ്വദേശി രാജേഷും തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസുമാണ് വൻ തട്ടിപ്പിന് പിന്നിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെ പരാതികളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഏഴ് മാസം മുമ്പാണ്. മകൾക്ക് എഞ്ചിനീയറുടെ ജോലി വാഗ്ദാനം ചെയ്താണ് അയൽവാസികൂടിയായ രാജനെ രാജേഷ് സമീപിച്ചത്.

പണം വാങ്ങിയത് ഉനാസിസ് വഴിയാണ്. സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും പരാതി കിട്ടിയ ഉടൻ രാജേഷിനെ പുറത്താക്കിയെന്നുമാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. രാജന്‍റേതടക്കം മൂന്ന് പരാതികളിൽ ഇരുവരേയും പ്രതിചേർത്ത് എടക്കാട് പൊലീസ് കേസെടുത്തിട്ട് ഒരു മാസം പിന്നിട്ടു. രാജേഷ് നാട്ടിലുണ്ടായിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

തട്ടിപ്പിൽ ഒരു പങ്കുമില്ലെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രാജേഷിന്‍റെ വിശദീകരണം. ഉനാസിസ് ഗൾഫിലേക്ക് കടന്നെന്നാണ് വിവരം. ഉനാസിസിനെതിരെ സമാനപരാതിയിൽ പിണറായി സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്. കൂടുതൽ പേർ പരാതികളുമായി വരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. വലിയ തട്ടിപ്പ് നടത്തിയ പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ആവശ്യം. 

Follow Us:
Download App:
  • android
  • ios