തൊഴില്‍ അന്വേഷകരായ യുവാക്കളെ ബന്ധപ്പെടണം. 3500 രൂപ നല്‍കിയാല്‍ ജോലി നല്‍കാം എന്ന് തൊഴിലന്വേഷകരോട് പറയണം. അവര്‍ ചേര്‍ന്നാല്‍ അതില്‍നിന്ന് 500 രൂപ ബോണസായി ലഭിക്കും. പുതുതായി ചേര്‍ന്നവര്‍ വീണ്ടും മറ്റുള്ളവരെ ചേര്‍ക്കുന്നു...
മലപ്പുറം: ബംഗളൂരു കേന്ദ്രീകരിച്ച് രണ്ട് സ്വകാര്യ കമ്പനികൾ നടത്തുന്ന മണി ചെയിന്‍ മാതൃകയിലുള്ള ജോലി വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി പേര്‍. വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതോടെ നല്‍കിയ തുക തിരിച്ചുചോദിച്ചവര്‍ക്ക് മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതായും തട്ടിപ്പിനിരയായവര്‍ പറയുന്നു. സ്വകാര്യ സമൂഹ മാര്‍ക്കറ്റായ ഒഎല്‍എക്‌സില്‍ വന്ന തൊഴില്‍ ഒഴിവ് പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലിക്ക് അപേക്ഷിച്ചത്.
ഐടി കമ്പനിയിലും വെയര്‍ഹൗസിങ്ങിലുമായിരുന്നു ജോലി വാഗ്ദാനം. കമ്പനിയുമായി ബന്ധപ്പെട്ട യുവാക്കളോട് അഭിമുഖത്തിന് എത്താനായിരുന്നു ആദ്യം നിര്‍ദേശം. ബംഗളൂരുവിലെ അഭിമുഖത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചു. ജോലി ലഭിക്കാന്‍ 3500 രൂപ അടക്കാനും ആവശ്യപ്പെട്ടു. പണം അടച്ചവര്‍ക്ക് ടെലി കോളര്‍ ജോലിയാണെന്നുപറഞ്ഞ് മൊബൈല്‍ സിം കാര്‍ഡ് നല്‍കി. സ്വന്തം പേരിനുപകരം മറ്റൊരു പേരില്‍ തൊഴില്‍ അന്വേഷകരായ യുവാക്കളെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം.
3500 രൂപ നല്‍കിയാല്‍ ജോലി നല്‍കാം എന്നാണ് ഇവര്‍ തൊഴിലന്വേഷകരോട് പറയേണ്ടത്. അവര്‍ ചേര്‍ന്നാല്‍ അതില്‍നിന്ന് 500 രൂപ ബോണസായി ലഭിക്കും. പുതുതായി ചേര്‍ന്നവര്‍ വീണ്ടും മറ്റുള്ളവരെ ചേര്‍ക്കുന്നു. ഇതാണ് ഈ കമ്പനികളില്‍ നടക്കുന്നതെന്ന് മഞ്ചേരി സ്വദേശി സിനാന്‍ പറഞ്ഞു. താമസസൗകര്യവും ഭക്ഷണവും നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും വൃത്തിഹീനമായ മുറിയാണ് നല്‍കിയത്. ഓരോ മുറിയിലും 10 മുതല്‍ 15 പേരുണ്ടാകും. ജോലി മതിയാക്കാനാഗ്രഹിച്ച് സെക്യൂരിറ്റി തുക തിരികെ ചോദിക്കുന്നവരെ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
ഇവിടെനിന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ കഴിഞ്ഞദിവസം നാട്ടിലെത്തി. കമ്പനിയിലേക്ക് നിത്യേന നിരവധി യുവതീയുവാക്കള്‍ എത്തുന്നതായി അവര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് തട്ടിപ്പിനിരയായവര്‍. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നുള്ളവരാണ് ഏറെയും.
Read More : ജോലി തട്ടിപ്പ്: ഓൺലൈനിലൂടെ തട്ടിയത് ലക്ഷങ്ങൾ, മലയാളികളടക്കം ഇരയായി,പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
