Asianet News MalayalamAsianet News Malayalam

സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി: കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു

ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ രണ്ട് പ്രതികളാണുള്ളത്. ജോളിയാണ് ഒന്നാം പ്രതി. 

jolly killed sili by poisoning her medicine
Author
Vadakara, First Published Oct 11, 2019, 9:18 AM IST

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയില്‍ രണ്ടാമത്തെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജുവിന്‍റെ മുന്‍ഭാര്യ സിലിയുടെ മരണത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ രണ്ട് പ്രതികളാണുള്ളത്. ജോളിയാണ് ഒന്നാം പ്രതി. മാത്യുവിനെയാണ് രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുള്ളഥ്.  2016 ജനുവരി 11-ാണ്  സിലി മരണപ്പെടുന്നത്. 

താമരശ്ശേരി പൊലീസാണ് സിലിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജു കുമാര്‍ എന്നവര്‍ അറസ്റ്റിലായത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങില്‍ കൂടുതല്‍ കൊലപാതകക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റര്‍ ചെയ്ത് ആറ് ടീമുകളായി പിരിഞ്ഞാവും അന്വേഷണംം

അതിനിടെ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങള്‍ തേടുകയാണ് പൊലീസ്. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നും സൂചനയുണ്ട്. 

ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകന്‍ റോജോ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമാവുന്നത്. 

വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനായാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതിനിടെ  കൂടത്തായി കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട സിലിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ജോളിയെ ഒന്നാം പ്രതിയാക്കിയാണ്  താമരശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ഈ കേസില്‍ രണ്ടു പ്രതികളുണ്ടെന്നാണ് സൂചന. നിലവില്‍ റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ കൊലപാതകങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios