ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം ഉണ്ടായത്. മുഖം മറച്ചെത്തിയ ആക്രമി ലൈറക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ക്രെഗ്ഗാന്‍ പൊലീസ് അറിയിച്ചു. 

2016-ലെ ഫോബ്സ് മാഗസിന്‍റെ  ലോകത്തെ മികച്ച 30 മാധ്യമപ്രവര്‍ത്തകരുടെ  പട്ടികയില്‍ ലൈറ ഇടം നേടിയിരുന്നു. അറ്റ്‌ലാന്റിക്  മാഗസിന്‍, ബസ്ഫീഡ് ന്യൂസ് എന്നീ മാധ്യമങ്ങളിലാണ് ലൈറ പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ലണ്ടന്‍ഡെറിയില്‍ വാഹനങ്ങള്‍ അക്രമികള്‍ കത്തിക്കുന്നതിന്‍റെയും പൊലീസ് വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുന്നതിന്‍റെയും ദൃശ്യം ലൈറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.