ദില്ലി: ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് കാറിനുള്ളില്‍ വച്ച് വെടിയേറ്റു. നോയിഡയില്‍ താമസിക്കുന്ന മിതാലി ചന്ദോലയ്ക്കാണ് ഞായറാഴ്ച അജ്ഞാതരുടെ വെടിയേറ്റത്.

രാത്രി 12.30 ക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന മിതാലിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്ത മുഖംമൂടി ധരിച്ച അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ത്തു. വെടിയുണ്ട മിതാലിയുടെ കൈയില്‍ തുളച്ചുകയറി. എന്നാല്‍ വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുമ്പോട്ട് പോയപ്പോള്‍ അക്രമി സംഘം കാറിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. വ്യക്തിവൈരാഗ്യമാകാം കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. കേസ് രജിസറ്റര്‍ ചെയ്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.