തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥ അറസ്റ്റില്‍. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ സരിതയെയാണ് വിജിലൻസ് പിടികൂടിയത്. സരിത കൈക്കൂലി ആവശ്യപ്പെട്ട പ്രവാസിയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. 

ഗൾഫിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷിബുകുമാറാണ് സരിത കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വഴുതക്കാട് തുടങ്ങാനിരിക്കുന്ന ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യത്തിനായി സമീപിച്ചപ്പോൾ ജൂനിയൽ ഹെൽ‍ത്ത് ഇൻസ്പെക്ടർ സരിത 5000 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. 

ഷിബു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ദക്ഷിണമേഖല ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കെണി ഒരുക്കിയാണ് സരിതയെ പിടികൂടിയത്. റോഡിൽ വച്ച് പണം കൈമാറുന്നതിനിടെയാണ് സരിത പിടിയിലായത്. സരിതയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.