Asianet News MalayalamAsianet News Malayalam

ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവ‍ർത്തകർക്ക് പരിക്കേറ്റ സംഭവം; വഴിത്തിരിവായി തോട്ടില്‍ നിന്ന് ഫോണ്‍ ലഭിച്ചു

സംഭവത്തിൽ കൈപ്പത്തി നഷ്ടമായ രമീഷ് ഉൾപ്പടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇനിയും രണ്ട് പ്രതികളെ കൂടി കിട്ടാനുണ്ട്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായ അന്വേഷണം നടത്തും

kadirur bomb blast case investigation police found phone
Author
Kadirur, First Published Sep 7, 2020, 9:08 AM IST

കണ്ണൂര്‍: കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവ‍ർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ ചുണ്ടങ്ങാപ്പൊയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഒരു  മൊബൈൽ ഫോണ്‍ ലഭിച്ചു. പുഴയോട് ചേർന്നുള്ള തോട്ടിൽ നിന്നാണ് ഫോണ്‍ കിട്ടിയത്. കൂടുതൽ അന്വേഷണത്തിനായി ഫോണ്‍ സൈബർ സെല്ലിന് കൈമാറി.

സംഭവത്തിൽ കൈപ്പത്തി നഷ്ടമായ രമീഷ് ഉൾപ്പടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇനിയും രണ്ട് പ്രതികളെ  കൂടി കിട്ടാനുണ്ട്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായ അന്വേഷണം നടത്തും.

അതേസമയം, കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് അവസാനമിടാൻ പൊലീസ് ഗുണ്ടാ തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയ അക്രമത്തിൽ പങ്കാളികളായ ആളുകളുടെ ലിസ്റ്റെടുത്ത് അവരെ നിരന്തരം വീടുകളിൽ നിരീക്ഷിക്കാനാണ് തീരുമാനം. നേരത്തെ കേസിലുൾപ്പെട്ടവർ വീണ്ടും അക്രമം തുടർന്നാൽ ഇവർക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തക‍ർ കൊലചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ അക്രമങ്ങൾ പലയിടത്തും നടന്നു. പാർട്ടി ഓഫീസുകൾക്ക് ബോംബിടലും അടിച്ചുതകർക്കലും പതിവായി. മൂന്ന് ദിവസം മുൻപാണ് ബോംബ്   ഉണ്ടാക്കുന്നതിനിടെ മൂന്ന് സിപിഎം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധച്ചിച്ച് വ്യാപക അക്രമം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളും പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇത് തടയിടാനുള്ള പദ്ധതിയാണ് ജില്ലാ പൊലീസ് നടപ്പിലാക്കുന്നത്. പത്ത് വർഷമായി രാഷ്ട്രീയ അക്രമക്കേസുകളിൽ പ്രതികളായവരുടെ ലിസ്റ്റ് അതാത് പൊലീസ് സ്റ്റേഷനുകൾ തയ്യാറാക്കും. അവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകും.

Follow Us:
Download App:
  • android
  • ios