കൊച്ചി: കനകമല കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.  ഇയാളെ ജോർജിയയിൽ നിന്ന് കൊച്ചിയിലെത്തിച്ചാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.  ഈ കേസിൽ ഒമർ അൽ ഹിന്ദി എന്ന മൻസീദി അടക്കമുള്ള ഒൻപതു പേരുടെ വിചാരണ 2019 നവംബറിൽ എൻഐഎ കോടതി പൂർത്തിയാക്കിയിരുന്നു. പ്രതികൾക്ക് ശിക്ഷയും വിധിച്ചു.

ഭീകരവാദപ്രവർത്തനങ്ങൾക്ക് പ്രതികൾ ശ്രമിച്ചെന്ന് തെളിയിക്കാനായെങ്കിലും ഇവരുടെ ഐഎസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഏഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചിരുന്നു.പ്രതികളിൽ പിന്നീട് പിടിയിലായ സുബഹാനി ഹാജ മൊയ്ദീന്‍റെ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ഇറാക്കിൽ പോയി പരിശീലനം നടത്തിയെന്ന് എൻഐഎ കണ്ടെത്തിയ ഇയാളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. ഇതിനിടെയാണ് മുഖ്യപ്രതി മുഹമ്മദ് പോളക്കാനി പിടിയിലായിരിക്കുന്നത്.

കണ്ണൂര്‍ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ച ശിക്ഷ.