കണ്ണൂര്‍:  സ്വ‍വർഗ ലൈംഗിക അതിക്രമം എതിർത്തിന് വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. പ്രതി കുടിയാന്മല സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടിൽ നിന്ന് പോയ കുര്യാക്കോസിനെ ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കളും , നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

 പോസ്റ്റ്മോ‍ർട്ടത്തിൽ കഴുത്തിൽ പാടുകൾ കണ്ടതോടെ കൊലപാതകമാണെന്ന സംശയം ഉയർന്നു. ശേഷം ഇയാളുമായി അടുത്ത ബന്ധമുണ്ടായിരുന്നവരിലേക്ക് അന്വേഷണം നീങ്ങി. കൊല്ലപ്പെട്ട കുര്യാക്കോസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിനോയുടെ മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

സംഭവം ദിവസം ഇരുവരും സംസാരിച്ച് നിൽക്കുന്നത് കണ്ടവരുമുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കുടിയാന്മല പൊലീസ് അറിയിച്ചു. സംഭവം ദിവസം വൈകീട്ട് പ്രതി ബിനോയ് കുര്യാക്കോസിനെ സ്വ‍വർഗ രതിക്ക് നി‍ർബന്ധിച്ചു, ഇത് എതിർത്തപ്പോൾ ഉണ്ടായ പിടിവലിയാണ് കൊലപാതകത്തിൽ അവസാനിച്ചത്. 

ബിനോയിയും അമ്മയും മാത്രമാണ് വീട്ടിൽ താമസം. വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു. ഫൊറൻസിക് പരിശോധന ഫലം കിട്ടാനുണ്ട്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.