കണ്ണൂർ: കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ഹൈസ്കൂളിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ സജി പാട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ തന്നെ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിടിയിലായ അധ്യാപകൻ കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയാണ്. ചന്ദനക്കാംപാറയിലെ ബന്ധു ആന്‍റണി വരിക്കമാക്കലിന്‍റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

എട്ട് വിദ്യാർത്ഥിനികളെ കായികാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിൽ ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ ഉണ്ടായത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് കായികാധ്യാപകനെതിരെ മൊഴി നൽകിയത്. അധ്യാപകൻ പല തവണ  കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. 

ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടേയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടേയും നേതൃത്വത്തിൽ ഇന്നലെ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വെളിപ്പെടുത്തൽ. നേരത്തെയും അധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്കൂൾ മാനേജ്മെന്റ് ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.