കാൺപൂർ: അറസ്റ്റുചെയ്യാൻ വന്ന പോലീസ് സംഘത്തിലെ ഡി‌എസ്‌പി അടക്കമുള്ള എട്ടുപേരെ വെടിവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ഇടിച്ചു നിരത്തി കാൺപൂർ ജില്ലാ ഭരണകൂടം. നാട്ടിലെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് വികാസ് ദുബെ തന്റെ ബംഗ്ലാവ് പണിഞ്ഞത് എന്ന ആക്ഷേപം വർഷങ്ങളായി നില നിന്നിരുന്നു എങ്കിലും ഇന്നുരാവിലെയാണ് അതിന്മേൽ കർശന നടപടിയുമായി കാൺപൂർ നഗരസഭാ അധികൃതർ മുന്നോട്ടു പോയതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടം ഇടിച്ചു നിരത്തുന്നതിനിടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ദുബെയുടെ നിരവധി കാറുകൾക്കും ചുവരുകൾ ഇടിഞ്ഞു വീണ് നാശം സംഭവിച്ചിട്ടുണ്ട്. 

 

 

വ്യാഴാഴ്ച പാതിരയോടെ നടന്ന എൻകൗണ്ടറിൽ നടന്ന കൂട്ടക്കൊലക്ക് ശേഷം ഒളിവിൽ പോയതാണ് ദുബെ. അതിനിടെ ഉത്തർപ്രദേശ് പൊലീസ്, തങ്ങളുടെ രഹസ്യ റെയ്ഡിനെപ്പറ്റി ദുബെക്ക് വിവരം ചോർത്തി നൽകി എന്ന സംശയത്തിന്മേൽ ചൗബേപ്പൂർ പൊലീസ് സ്റ്റേഷൻ SHO ആയ വിനയ് തിവാരിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊലീസ് സംഘം വരുന്ന വിവരമറിഞ്ഞ് ജീപ്പുകൾ വരുന്ന വഴിയിൽ, വീടെത്തുന്നതിന് മീറ്ററുകൾ മുമ്പായി ഒരു ജെസിബി കുറുകെ ഇട്ട് തടഞ്ഞിരിക്കുകയായിരുന്നു. ആ ജെസിബിക്ക് താഴെക്കൂടി നൂണ്ട് അപ്പുറം ചെന്ന്  വീടിന്റെ ഗേറ്റിനെ സമീപിച്ച പൊലീസുകാർക്കുനേരെ മട്ടുപ്പാവിൽ യന്ത്രത്തോക്കുകളുമായി കാത്തിരുന്ന ദുബെയുടെ ഷാർപ്പ് ഷൂട്ടർമാർ നിറയൊഴിക്കുകയായിരുന്നു.

ആദ്യം മൂന്നോ നാലോ പൊലീസുകാർക്ക് മാത്രമാണ് വെടിയേറ്റത്. ബാക്കിയുള്ളവർ ദുബൈയുടെ വീടിനടുത്തുള്ള വീടുകളുടെ പുറത്തുള്ള ടോയ്‌ലറ്റുകളിലും മറ്റും ചെന്ന് ഒളിച്ചിരുന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കി എങ്കിലും, അപ്പോഴേക്കും മട്ടുപ്പാവിൽ നിന്ന് താഴെയിറങ്ങി വന്ന ദുബൈയുടെ അനുചരർ ഇവരെ ഒളിച്ചിരുന്നിടങ്ങളിൽ നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. അതിനു ശേഷം ബംഗ്ലാവിൽ നിന്നിറങ്ങി വന്ന ദുബെ തന്റെ ബുള്ളറ്റിൽ കയറി അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു ശേഷം കൂടുതൽ സന്നാഹവുമായി എത്തിയ പൊലീസ് സംഘം വീട്ടിൽ അവശേഷിച്ചിരുന്ന ദുബെയുടെ രണ്ടു ബന്ധുക്കളെ എൻകൗണ്ടറിലൂടെ കൊന്നു എങ്കിലും ദുബെ അപ്പോഴേക്കും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. 

 

 

അതിനിടെ നിരപരാധികളായ പൊലീസുകാരെ നിർദയം വധിച്ച മകന്റെ ചെയ്തിയെ അപലപിച്ചുകൊണ്ട് ദുബെയുടെ അമ്മയും രംഗത്തെത്തി. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ മകന് നൽകണം എന്നും അവർ പറഞ്ഞു. മകനോട് എത്രയും പെട്ടെന്ന് കീഴടങ്ങാനും ആ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. 

ആരാണ് ഈ വികാസ് ദുബെ?

1990 -ൽ ചാർജ് ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസ് തൊട്ടിങ്ങോട്ട്, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ പല കേസുകളും ചുമത്തപ്പെട്ടിട്ടും വികാസ് ദുബെ ഉത്തർപ്രദേശിൽ നിർബാധം വിലസിയിരുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ അയാൾക്കുണ്ടായിരുന്ന സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. കാൺപൂരിലെ ചൗബേപൂർ പൊലീസ് സ്റ്റേഷനിൽ മാത്രം ദുബെയുടെ പേരിൽ 60 -ലധികം കേസുകളുണ്ട്. ഇവയിൽ കൊലപാതകം, കൊലപാതശ്രമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടും. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ദുബെയെ അറസ്റ്റുചെയ്യാനായി പൊലീസ് സംഘം ഗ്രാമത്തിലെത്തിയത്. ഇതിനു മുമ്പും പല കേസുകളിലും അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ദുബെ അന്നൊക്കെ ജാമ്യം സംഘടിപ്പിച്ച് മുങ്ങിയ ചരിത്രമാണുള്ളത്. 

 

2001 -ൽ ശിവ്‌ലി പൊലീസ് സ്റ്റേഷനുള്ളിൽ കടന്നുചെന്ന് ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ വെടിവെച്ചു കൊന്നുകളഞ്ഞയാളാണ് വികാസ് ദുബെ. അന്ന് ആ ഹൈ പ്രൊഫൈൽ കൊലപാതകത്തിന് ശേഷം കോടതിയിൽ കീഴടങ്ങിയ ദുബെക്ക് പക്ഷേ ആഴ്ചകൾക്കകം ജാമ്യം കിട്ടി. പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച്, പോലീസുകാർ നോക്കിനിൽക്കെ, 19 വർഷം മുമ്പ് നടന്ന ആ കൊലപാതകത്തിൽ പോലും വികാസ് ദുബെക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുപി പൊലീസിന് സാധിച്ചിട്ടില്ല. ആ കേസിൽ അയാളെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. 

അതിനും മുമ്പ്, 2000 -ൽ ശിവ്‌ലിയിൽ തന്നെയുള്ള താരാചന്ദ് ഇന്റർ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ സിദ്ധേശ്വർ പാണ്ഡേയെ വെടിവെച്ചു കണി കേസിലും വികാസ് ദുബെ പ്രതിയായിരുന്നു. അതിലും അയാൾക്കെതിരെ തെളിവുസംഘടിപ്പിക്കാൻ പൊലീസിന് സാധിച്ചില്ല. ഈ കേസിനും പുറമെ രാം ബാബു യാദവ് തുടങ്ങി നിരവധി ശത്രുക്കളെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്നുള്ള കേസും ഉണ്ട്. 2004 -ൽ ഒരു കേബിൾ ടിവി വ്യവസായിയുടെ ഹത്യ, 2013 -യിൽ മറ്റൊരു കൊലപാതകം, 2018 -ൽ സ്വന്തം സഹോദരനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് അങ്ങനെ കേസുകൾ നിരവധിയുണ്ടായിരുന്നു ദുബെയുടെ പേർക്കെങ്കിലും എല്ലാ കക്ഷികളിലും അയാൾക്കുണ്ടായിരുന്ന സ്വാധീനം ആ കേസുകളിൽ നിന്നെല്ലാം ഊരിപ്പോരാൻ അയാളെ സഹായിച്ചു. 

ശിവ്‌ലി ഗ്രാമത്തിലെ തന്റെ വീട് ഒരു കോട്ടപോലെയാണ് ദുബെ കൊണ്ടുനടന്നിരുന്നത്. അയാളുടെ സമ്മതം കൂടാതെ ആർക്കും ആ വീടിരിക്കുന്നതിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 2002 -ൽ ബിഎസ്പിയുടെ ഭരണം തുടങ്ങിയ ശേഷം, റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമായി ദുബെ സമ്പാദിച്ചു കൂട്ടിയത് കോടിക്കണക്കിനു രൂപയാണ്. സ്വന്തം ഗ്രാമത്തെ മാത്രമല്ല, അയൽഗ്രാമങ്ങളെപ്പോലും ഈ ഡോൺ നിയന്ത്രിച്ചിരുന്നു. അവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽപ്പോലും ആര് ജയിക്കണം എന്ന് തീരുമാനിച്ചിരുന്നത് വികാസ് ദുബെ ആണെന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. 

വികാസ് ദുബെയുടെ രണ്ടു ആണ്മക്കളിൽ ഒരാൾ ഇംഗ്ലണ്ടിൽ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെയാൾ കാൺപൂരിൽ തന്നെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്രയധികം കേസുകളുണ്ടായിട്ടും ശിവ്‌ലി ഗ്രാമത്തിലെ ഒരാൾക്കുപോലും വികാസ് ദുബെയെ ദുഷിച്ച് സംസാരിക്കാനോ, അയാൾക്കെതിരെ ഏതെങ്കിലും കേസിൽ മൊഴിനൽകാനോ ഉള്ള ധൈര്യം ഇനിയും വന്നിട്ടില്ല. ഒരു കൊലക്കേസിൽ വിചാരണ നേരിട്ടുകൊണ്ട് ജയിലിൽ കിടന്നുകൊണ്ടാണ് വികാസ് ദുബെ ഒരിക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും നിഷ്പ്രയാസം ജയിച്ചുകയറിയതും. ദുബെ പുറത്തിലെങ്കിലും സദാ ആയുധങ്ങളുമായി കറങ്ങുന്ന ഒരു ഗുണ്ടാ സംഘം അയാളെപ്രതിയുള്ള ഭീതി ശിവ്‌ലി ഗ്രാമത്തിൽ നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു. 

 

 

എന്തായാലും, ദുബെയെ പിടികൂടാൻ വേണ്ടി ആദ്യം പോയ പൊലീസ് സംഘത്തിന് ഇങ്ങനെ ഒരു അവിചാരിത തിരിച്ചടി നേരിട്ടതിനു ശേഷം കാൺപൂരിലെ സമീപസ്ഥ ജില്ലകളിലും അറുപതോളം പൊലീസ് ടീമുകൾ വികാസ് ദുബൈക്കും സംഘത്തിനും വേണ്ടി ശക്തമായ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കാൺപൂർ ബോർഡർ അടച്ചിട്ട് കർശനമായ പരിശോധനകൾ നടത്തുന്ന യുപി പൊലീസ് അക്രമികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ അടക്കമുള്ള ആധുനിക സങ്കേതങ്ങളുടെ സഹായവും തേടുന്നുണ്ട്.