വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം കാൺപുരിനടുത്തുള്ള ബിക്രു ഗ്രാമത്തിലാണ് നാടിനെ നടുക്കുന്ന ഈ സംഭവമുണ്ടായിരിക്കുന്നത്.

കെട്ടിടങ്ങൾക്കു മുകളിൽ  എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടർമാരിൽ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയുമുണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവിൽ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വന്നു. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അക്രമികൾ കടന്നുകളഞ്ഞത്. 

 

 

നിരവധി ക്രിമിനൽ കേസുകളിൽ വർഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന വികാസ് ദുബെ ഗ്രാമത്തിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഗ്രാമവാസികളിൽ ഒരാളിൽ നിന്ന് ചോർന്നുകിട്ടിയ ശേഷമാണ് 50 പേരടങ്ങുന്ന പൊലീസ് സംഘം ദുബെയെ അറസ്റ്റുചെയ്യാനായി ഗ്രാമത്തിലേക്കെത്തിയത്. കമാൻഡിങ് ഓഫീസർ ദേവേന്ദ്ര മിശ്രയാണ് സംഘത്തെ നയിച്ചത്. സംഘം സഞ്ചരിച്ച വഴിയിൽ ഗ്രാമത്തിനടുത്തുള്ള പല റോഡുകളിലും തടസ്സങ്ങളുണ്ടായിരുന്നതിനാൽ ഇങ്ങനെയൊരു സംഘം അറസ്റ്റിനായി ചെല്ലുന്നുണ്ട് എന്ന വിവരം ഈ ക്രിമിനലിന് നേരത്തെ ചോർന്നുകിട്ടിയിരുന്നു എന്നാണ് ഊഹിക്കപ്പെടുന്നത്. ആക്രമണത്തിന് ശേഷം സ്ഥലം വിട്ട വികാസ് ദുബെക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

ആരാണ് ഈ വികാസ് ദുബെ?

1990 -ൽ ചാർജ് ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസ് തൊട്ടിങ്ങോട്ട്, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ പല കേസുകളും ചുമത്തപ്പെട്ടിട്ടും വികാസ് ദുബെ ഉത്തർപ്രദേശിൽ നിർബാധം വിലസിയിരുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ അയാൾക്കുണ്ടായിരുന്ന സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. കാൺപൂരിലെ ചൗബേപൂർ പൊലീസ് സ്റ്റേഷനിൽ മാത്രം ദുബെയുടെ പേരിൽ 60 -ലധികം കേസുകളുണ്ട്. ഇവയിൽ കൊലപാതകം, കൊലപാതശ്രമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടും. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ദുബെയെ അറസ്റ്റുചെയ്യാനായി പൊലീസ് സംഘം ഗ്രാമത്തിലെത്തിയത്. ഇതിനു മുമ്പും പല കേസുകളിലും അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ദുബെ അന്നൊക്കെ ജാമ്യം സംഘടിപ്പിച്ച് മുങ്ങിയ ചരിത്രമാണുള്ളത്. 

2001 -ൽ ശിവ്‌ലി പൊലീസ് സ്റ്റേഷനുള്ളിൽ കടന്നുചെന്ന് ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ വെടിവെച്ചു കൊന്നുകളഞ്ഞയാളാണ് വികാസ് ദുബെ. അന്ന് ആ ഹൈ പ്രൊഫൈൽ കൊലപാതകത്തിന് ശേഷം കോടതിയിൽ കീഴടങ്ങിയ ദുബെക്ക് പക്ഷേ ആഴ്ചകൾക്കകം ജാമ്യം കിട്ടി. പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച്, പോലീസുകാർ നോക്കിനിൽക്കെ, 19 വർഷം മുമ്പ് നടന്ന ആ കൊലപാതകത്തിൽ പോലും വികാസ് ദുബെക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുപി പൊലീസിന് സാധിച്ചിട്ടില്ല. ആ കേസിൽ അയാളെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. 

അതിനും മുമ്പ്, 2000 -ൽ ശിവ്‌ലിയിൽ തന്നെയുള്ള താരാചന്ദ് ഇന്റർ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ സിദ്ധേശ്വർ പാണ്ഡേയെ വെടിവെച്ചു കണി കേസിലും വികാസ് ദുബെ പ്രതിയായിരുന്നു. അതിലും അയാൾക്കെതിരെ തെളിവുസംഘടിപ്പിക്കാൻ പൊലീസിന് സാധിച്ചില്ല. ഈ കേസിനും പുറമെ രാം ബാബു യാദവ് തുടങ്ങി നിരവധി ശത്രുക്കളെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്നുള്ള കേസും ഉണ്ട്. 2004 -ൽ ഒരു കേബിൾ ടിവി വ്യവസായിയുടെ ഹത്യ, 2013 -യിൽ മറ്റൊരു കൊലപാതകം, 2018 -ൽ സ്വന്തം സഹോദരനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് അങ്ങനെ കേസുകൾ നിരവധിയുണ്ടായിരുന്നു ദുബെയുടെ പേർക്കെങ്കിലും എല്ലാ കക്ഷികളിലും അയാൾക്കുണ്ടായിരുന്ന സ്വാധീനം ആ കേസുകളിൽ നിന്നെല്ലാം ഊരിപ്പോരാൻ അയാളെ സഹായിച്ചു. 

ശിവ്‌ലി ഗ്രാമത്തിലെ തന്റെ വീട് ഒരു കോട്ടപോലെയാണ് ദുബെ കൊണ്ടുനടന്നിരുന്നത്. അയാളുടെ സമ്മതം കൂടാതെ ആർക്കും ആ വീടിരിക്കുന്നതിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 2002 -ൽ ബിഎസ്പിയുടെ ഭരണം തുടങ്ങിയ ശേഷം, റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമായി ദുബെ സമ്പാദിച്ചു കൂട്ടിയത് കോടിക്കണക്കിനു രൂപയാണ്. സ്വന്തം ഗ്രാമത്തെ മാത്രമല്ല, അയൽഗ്രാമങ്ങളെപ്പോലും ഈ ഡോൺ നിയന്ത്രിച്ചിരുന്നു. അവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽപ്പോലും ആര് ജയിക്കണം എന്ന് തീരുമാനിച്ചിരുന്നത് വികാസ് ദുബെ ആണെന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. 

വികാസ് ദുബെയുടെ രണ്ടു ആണ്മക്കളിൽ ഒരാൾ ഇംഗ്ലണ്ടിൽ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെയാൾ കാൺപൂരിൽ തന്നെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്രയധികം കേസുകളുണ്ടായിട്ടും ശിവ്‌ലി ഗ്രാമത്തിലെ ഒരാൾക്കുപോലും വികാസ് ദുബെയെ ദുഷിച്ച് സംസാരിക്കാനോ, അയാൾക്കെതിരെ ഏതെങ്കിലും കേസിൽ മൊഴിനൽകാനോ ഉള്ള ധൈര്യം ഇനിയും വന്നിട്ടില്ല. ഒരു കൊലക്കേസിൽ വിചാരണ നേരിട്ടുകൊണ്ട് ജയിലിൽ കിടന്നുകൊണ്ടാണ് വികാസ് ദുബെ ഒരിക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും നിഷ്പ്രയാസം ജയിച്ചുകയറിയതും. ദുബെ പുറത്തിലെങ്കിലും സദാ ആയുധങ്ങളുമായി കറങ്ങുന്ന ഒരു ഗുണ്ടാ സംഘം അയാളെപ്രതിയുള്ള ഭീതി ശിവ്‌ലി ഗ്രാമത്തിൽ നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു. 

 

 

എന്തായാലും, ദുബെയെ പിടികൂടാൻ വേണ്ടി ആദ്യം പോയ പൊലീസ് സംഘത്തിന് ഇങ്ങനെ ഒരു അവിചാരിത തിരിച്ചടി നേരിട്ടതിനു ശേഷം കാൺപൂരിലെ സമീപസ്ഥ ജില്ലകളിലും അറുപതോളം പൊലീസ് ടീമുകൾ വികാസ് ദുബൈക്കും സംഘത്തിനും വേണ്ടി ശക്തമായ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കാൺപൂർ ബോർഡർ അടച്ചിട്ട് കർശനമായ പരിശോധനകൾ നടത്തുന്ന യുപി പൊലീസ് അക്രമികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ അടക്കമുള്ള ആധുനിക സങ്കേതങ്ങളുടെ സഹായവും തേടുന്നുണ്ട്.