മണ്ണാർക്കാട്: കാരാക്കുറുശ്ശിയിലെ ഇരട്ടക്കൊലക്കേസിൽ പ്രത്യേക കോടതി നാളെ വിധി പറയും. 2009 ൽ അമ്മയും മകളും വെട്ടേറ്റ് മരിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു.

പന്ത്രണ്ട് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വിധി പറയുന്നത്. 2009 ജനുവരി 5നാണ് കാരാക്കുറിശ്ശി ഷാപ്പുംകുന്നിൽ കല്യാണി, മകൾ ലീല എന്നിവർ വെട്ടേറ്റ് മരിച്ചത്. ഇവരുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുരേഷ്, അയ്യപ്പൻകുട്ടി എന്നിവരാണ് കൊലപാതകം നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 

മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. കവർച്ച, അതിക്രമിച്ച് കയറൽ, കൊലപാതകം , തെളിവ് നശിപ്പിക്കൽ തുടങ്ങി കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണ സംഘം പറയുന്നതിങ്ങിനെ. പണം അത്യാവശ്യമായ സാഹചര്യത്തിൽ പ്രതികൾ ഇരുവരും പലരിൽ നിന്നും വായ്പ ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് കല്യാണിയുടെ വീട്ടിൽ മോഷണത്തിന് പദ്ധതിയിടുന്നത്. 

ഇത് ചെറുക്കുന്നതിനിടെ ഇരുവരെയും ദാരുണമായി കൊലപ്പെടുത്തി. ശിക്ഷയിൽ നിന്ന് ഇളവ് നേടാൻ പ്രതികളിലൊരാളായ സുരേഷ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ, സാഹചര്യത്തെളിവുകളുടെയും ശക്തമായ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലുമാണ് പ്രതികൾ കുറ്റംചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്താനായതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.