തമിഴ്നാട് ഗൂഡല്ലൂരില്‍ മലയാളി വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. 

ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരില്‍ മലയാളി വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകനെതിരെ പരാതിപ്പെട്ടതിന് വിദ്യാർത്ഥിനിയെയും അമ്മയെയും വീട്ടില്‍വച്ച് മർദ്ദിച്ച അച്ഛനും ബന്ധുക്കളുമടക്കം ഏഴ്പേരെയും പെൺകുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഗൂഡല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥിനിയും അമ്മയും ഊട്ടി ജനറല്‍ ആശുപത്രിയില്‍‍ ചികിത്സതേടി.

തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ ജിംനേഷ്യവും വിവിധ സ്കൂളുകളില്‍ കരാട്ടെ പരിശീലനവും നടത്തുന്ന സാബു എബ്രഹാമിനെയാണ് ഗൂഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജിംനേഷ്യം ക്ലാസില്‍വച്ചും കരാട്ടെ പരിശീലനത്തിനിടെയും പെൺകുട്ടിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

ഇയാള്‍ക്കെതിരെ പരാതിപ്പെട്ടതിന് ഭർത്താവും ഭർത്താവിന്‍റെ സഹോദരന്‍മാരും അയല്‍വാസികളും ചേർന്ന് തന്നെയും മകളെയും മർദിച്ചെന്ന് പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ തിങ്കളാഴ്ച പരാതിനല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി രേഖപ്പെടുത്തവേയാണ് പരിശീലനത്തിനിടെ സാബു എബ്രഹാം തന്നോട് മോശമായി പെരുമാറിയെന്ന് പെൺകുട്ടി മൊഴി നല്‍കിയത്. 

തുടർന്ന് പോക്സോ വകുപ്പുകള്‍ ചുമത്തി സാബു എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദിച്ചെന്ന പരാതിയില്‍ പെൺകുട്ടിയുടെ അച്ഛനും സഹോദരന്‍മാരും അയല്‍വാസികളുമടക്കം ഏഴ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും ഗൂഡല്ലൂർ കോടതിയില്‍ ഹാജരാക്കി, പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കരാട്ടേ അധ്യാപകനില്‍നിന്നും മോശം പെരുമാറ്റമുണ്ടായതായി കൂടുതല്‍ പെൺകുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവർത്തകരോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.