മതാപിതാക്കളുടെ മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ ചൊവ്വാഴ്‌ച രാത്രി കോളാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരു: ശാരീരികമായി പീഡിപ്പിച്ചതിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിച്ചു. ബെംഗളൂരു മാലൂർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ഹരീഷ്, രേണുക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ പീഡനമേറ്റ് മൂന്നു വയസ്സുകാരനായ പൃഥ്വിയാണ് മരിച്ചത്.
പൃഥ്വിയുടെ മുത്തച്ഛൻ ബിഎം നഞ്ചുണ്ടയ്യ ആണ് പൊലീസിൽ ദമ്പതികൾക്കെതിരെ പരാതി നൽകിയത്. കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതുൾപ്പടെയുള്ള പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മതാപിതാക്കളുടെ മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ ചൊവ്വാഴ്‌ച രാത്രി കോളാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൃഥ്വിയുടെ പിതാവായ ഹരീഷ് പലതവണ പൃഥ്വിയുടെ കുസൃതികളെ കുറിച്ച് പരാതി പറഞ്ഞിരുന്നുവെന്ന് നഞ്ചുണ്ടയ്യ പറഞ്ഞു. കുട്ടിയുടെ പിടിവാശിയിൽ രോഷാകുലരായതിനാലാണ് മാതാപിതാക്കൾ കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയായ രേണുകയാണ് സിഗരറ്റ് കൊണ്ട് ശരീരം പൊള്ളിച്ചത്.
