പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍‍ അര്‍ബാസ് കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു തീവ്രവലതുപക്ഷ സംഘടനയുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ബെംഗലൂരു: അന്യമതത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 28നാണ് കഴുത്ത് അറുത്തുമാറ്റിയ നിലയില്‍ അര്‍ബാസ് മുല്ല എന്ന യുവാവിന്‍റെ മൃതദേഹം ഖാന്‍പുര താലൂക്കില്‍ നിന്നും ലഭിച്ചത്. ഇരുപത്തിയഞ്ചുകാരനായ അര്‍ബാസ് ബെലഗാവി ജില്ലയിലെ അസം സഗര്‍ സ്വദേശിയാണ്. ഇയാളെ സെപ്തംബര്‍ 27 മുതല്‍ കാണാനില്ലായിരുന്നു. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍‍ അര്‍ബാസ് കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു തീവ്രവലതുപക്ഷ സംഘടനയുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അര്‍ബാസിന്‍റെ അമ്മയുടെ പരാതി അനുസരിച്ച് അര്‍ബാസ് ഇതരമതത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ അര്‍ബാസിനെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ വഴിയിലാണ് പൊലീസ് അന്വേഷണം. 

തുടക്കത്തില്‍ റെയില്‍വേ പൊലീസ് കൊലപാതകത്തിന് കേസ് റജിസ്ട്രര്‍ ചെയ്തെങ്കിലും. തുടര്‍ന്ന് ജില്ല പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. ഒരു കൂട്ടം ആളുകള്‍ സംഘമായി കൊലപാതകം നടത്തിയ ശേഷം ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണം നല്‍കുന്ന സൂചന. അര്‍ബാസുമായി പ്രണയത്തിലാണ് എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയെയും, വീട്ടുകാരെയും ചോദ്യം ചെയ്യും എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.