കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗുണ്ടാ നേതാവ് തസ്ലീമിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നല്‍കിയ ആറു പേരെയും ഡ്രൈവറായ യുവാവിനെയുമാണ് ഗുല്‍ബര്‍ഗ പൊലീസ് പിടികൂടിയത്. ഹുബ്ലി, ധാര്‍വാഡ് സ്വദേശികളായ ഇര്‍ഫാന്‍, അക്ഷയ്, അമ്മു, സുരാജ് , ഗുരുരാജ്, ശിദ്ദലിംഗ എന്നിവരെയും ഡ്രൈവറായ ബണ്ട്വാളിലെ അബ്ദുല്‍ സമദിനെയുമാണ് അറസ്റ്റു ചെയ്തത്. ഗുണ്ടാ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗുണ്ടാനേതാവ് നപ്പട്ട റഫീഖ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു. 

കാസര്‍കോട് ചെമ്പരിക്ക സ്വദേശി ‘ഡോൺ’ തസ്‌ലിം എന്നറിയപ്പെടുന്ന സി‌.എം.മുഹ്ത്തസിം (40)  വെടിയേറ്റാണ് മരിച്ചത്. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസിൽ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ് നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിനു 2019 ജനുവരിയിൽ ഡൽഹി പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. ബിജെപി ന്യൂനപക്ഷ സെൽ ഭാരവാഹിയായിരുന്നുവെങ്കിലും പിന്നീടു പുറത്താക്കിയിരുന്നു.

മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണം കവർന്ന കേസിൽ 2019 സെപ്റ്റംബറിൽ അറസ്റ്റിലായ തസ്‌ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായിരുന്നു. ഇക്കഴി​ഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനൊപ്പം നാട്ടിലേക്കു പോകുമ്പോളാണു കലബുറഗിക്കടുത്ത നെലോഗിയിൽ ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.