ദില്ലി: നൃത്ത വിദ്യാലയത്തില്‍ വച്ച് തന്‍റെ വിദ്യാര്‍ത്ഥികളിലൊരാളായ യുവതിയെ പീഡിപ്പിച്ച  കഥക് നൃത്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് 53 കാരനായ നൃത്ത അധ്യാപകന്‍ യുവതിയെ പീഡിപ്പിച്ചത്. പീഡനത്തിനരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

നൃത്ത വിദ്യാലയത്തിലെത്തി തുടക്ക സമയത്ത് തന്നെ അധ്യാപകന്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചിരുന്നു. അന്ന് തന്നെ ഇയാളുടെ ശ്രമങ്ങളെ ചെറുത്തു, എന്നാല്‍ ഞായറാഴ്ച മറ്റ് വിദ്യാര്‍ത്ഥികളില്ലാത്ത തക്കം നോക്കി അധ്യാപകന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

തിങ്കളാഴ്ച യുവതി പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ച അന്ന് തന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തതായി ദില്ലി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദീപക് യാദവ് പറഞ്ഞു. ഇയാള്‍  മറ്റ് വിദ്യാർത്ഥികളെയും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ദീപക് യാദവ് വ്യക്തമാക്കി.