Asianet News MalayalamAsianet News Malayalam

കത്വ കൂട്ട ബലാത്സംഗക്കേസ്: പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്ന്

കേസിൽ അറസ്റ്റിലായ എട്ടുപ്രതികളും കുറ്റക്കാരാണോ എന്നാകും കോടതി വിധി പറയുക

kathwa gang rape case, special trial court judgement today
Author
Kathua, First Published Jun 10, 2019, 9:59 AM IST

ദില്ലി: രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടുപ്രതികൾ കുറ്റക്കാരാണോ എന്നാകും കോടതി വിധി പറയുക. 

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

60 വയസുകാരനായ സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ വിശാല എന്നിവരാണ് കുറ്റാരോപിതർ. 

എട്ട് വയസുകാരിയായ പെണ്‍കുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. 

കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ പൊലീസ് ക്രൈം ബ്രാഞ്ച്, പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തില്‍ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികകളും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.  

വലിയ അളവിൽ ഈ ഗുളികകളും മയക്ക് മരുന്നും നൽകിയത് ഭക്ഷണം കഴിക്കാതിരുന്ന എട്ട് വയസുകാരിയുടെ ശരീരത്തെ കോമ സ്റ്റേജിലേക്കെത്തിച്ചിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

കുറ്റപത്രപ്രകാരം തട്ടിക്കൊണ്ട് പോയ ശേഷം പെൺകുട്ടിയെ ഒരു പ്രാർത്ഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് ഏഴ് ദിവസത്തോളം ബന്ധിയാക്കി പീഡിപ്പിച്ചെന്നാണ് പറയുന്നത്.

ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്ന് വിളിച്ച് വരുത്തുകയായിരുന്നെന്നും പറയുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മരണമുറപ്പിക്കാൻ കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയും ചെയ്തിരുന്നു.

മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.
 

Follow Us:
Download App:
  • android
  • ios