കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ  ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പ്രദീപ് കുമാറിന്റെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്നലെ ഉച്ചയോടെ അവസാനിച്ചിരുന്നു. നാല് ദിവസമായി മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും  പ്രദീപ് കുമാര്‍ അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.

ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍കോട്ടെത്തിയത്, കൊച്ചിയിലെ യോഗം എന്തിനായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രദീപ് മറുപടി നല്‍കിയില്ല. അതേസമയം കാസര്‍കോടെത്തി മാപ്പ് സാക്ഷിയുടെ ബന്ധുവിനെ കണ്ടെന്നു  പ്രദീപ് കുമാര്‍ പൊലീസിനോട് സമ്മതിച്ചു. പുതുതായി വാങ്ങിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ട്രെയിനില്‍ ഉപേക്ഷിച്ചു എന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്