തിരുവനന്തപുരം: വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ വൻ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാൽ വിവരം ആര് ചോർത്തി നൽകി എന്നത് ഇപ്പോഴും കസ്റ്റംസിന്‍റെ മാത്രം രഹസ്യമാണ്. വിവരം ചോർത്തി നൽകിയതാണെങ്കിൽ ആ അദൃശ്യ വ്യക്തിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം.

ഒരു കിലോ സ്വർണ്ണം പിടികൂടിയാൽ വിവരം നൽകിയ ആൾക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വർണ്ണമായതിനാൽ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കിൽ 45 ലക്ഷം രൂപ ലഭിക്കും.

പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്‍റെ അമ്പത് ശതമാനം തുക ദിവങ്ങൾക്കുള്ളിൽ കസ്റ്റംസ് മുൻകൂർ ആയി നൽകും. കസ്റ്റംസിനെ വിവരങ്ങൾ അറിയിക്കുന്നവരുടെ വിശദാംശങ്ങൾ ഒന്നും ശേഖരിച്ച് വെക്കില്ല. പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്‍റെ കൈയ്യിലുണ്ടാകുക.

അന്വേഷണം പൂർത്തിയാകുന്നതോടെ ഈ വിരളടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നൽകും. പണം നൽകുന്നത് കസ്റ്റംസ് കമ്മീഷണർ റാങ്കിലുള്ള ഒരാൾ ആയിരിക്കും. പണം കൈമാറുമ്പോൾ പണം വാങ്ങുന്ന വ്യക്തിയുടെ മുഖം നോക്കാതെ വേണമെന്നാണ് ചട്ടം.

ചെക്കുകളും ഡ്രാഫ്റ്റുകളും പാരിതോഷികമായി നൽകില്ല. പകരം പണം തന്നെ നൽകും. എല്ലാം അത്രയും രഹസ്യമായിരിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് സ്വർണ്ണം പിടിക്കുന്നതെങ്കിൽ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും.

ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെല്ലാം വീതം വെച്ച് നൽകും. എന്നാൽ ക്ലാസ് എ യിൽ വരുന്ന ഉദ്യോദസ്ഥർക്ക് പാരിതോഷികത്തിന് അർഹതയുണ്ടകില്ല. കള്ളക്കടത്തിൽ വിവരങ്ങൾ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് സംഘം നൽകുന്നത്. എന്നാൽ വിവരദാദാവിന്‍റെ വിശദാംശങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും കൈമാറില്ലെന്നാണ് കസ്റ്റസ് ചട്ടം.