കണ്ണൂരിൽ ബോംബുകൾ കണ്ടെത്തി. കാസർകോട് ഏറ്റുമുട്ടിയ ഇടത് - വലത് മുന്നണി പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടന്ന മൂന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിങുമായി ബന്ധപ്പെട്ട് പലയിടത്തും അക്രമ സംഭവങ്ങൾ ഉണ്ടായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മൂലക്കണ്ടത്ത് കോൺഗ്രസ് - സി പി എം സംഘർഷം നടന്നു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇരു പാർട്ടിയുടെയും ബൂത്ത് ഏജന്റുമാരെ രണ്ട് ബൂത്തുകളിൽ പരസ്പരം തടഞ്ഞ് നിർത്തിയതിനെ തുടർന്നായിരുന്നു സംഘർഷം. ഇരുവിഭാഗക്കാരെയും പൊലീസ് പിരിച്ചുവിട്ടു.
കാസർകോട് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്ത് മൂന്നാം വാർഡ് ബൂത്ത് രണ്ടിൽ ബിജെപി ബൂത്ത് ഏജന്റ് രാധാകൃഷ്ണനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നു. കള്ളവോട്ട് ചൂണ്ടിക്കാട്ടിയപ്പോൾ ആക്രമിച്ചെന്നാരോപിച്ച് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി. കണ്ണൂർ എരമം കുറ്റൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റെന്ന് പരാതി ഉയർന്നു. മാതമംഗലം ബ്ലോക്ക് സ്ഥാനാർത്ഥി ശ്രീധരൻ ആലന്തട്ടയ്ക്കാണ് മർദ്ദനമേറ്റത്. എൽഡിഎഫ് പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ശ്രീധരനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിലെ തന്നെ മയ്യിൽ ചെറുപഴശ്ശി വെസ്റ്റിൽ എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇവിടെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് നിന്നെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ സലീമിന് പരിക്കേറ്റു. ബൂത്തിന് മുൻവശത്തായിരുന്നു സംഘർഷം. ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട് വട്ടപ്പോയിൽ എന്നിവിടങ്ങളിൽ നിന്നും ഇന്ന് ആറ് ബോംബുകൾ കണ്ടെടുത്തു. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ചിരുന്ന ബോംബുകളാണ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു. ആന്തൂർ അയ്യങ്കോലിൽ സി പി എം - ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് തണ്ടപ്പുറം ബൂത്തിൽ എസ് ഡി പി ഐ പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ അക്രമിച്ചെന്ന് പരാതി ഉയർന്നു. കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. നാലുപേരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കൊടിയത്തൂരിൽ സിപിഎമ്മും വെൽഫെയർ പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ ചെനക്കലില്‍ എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. പോലീസ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. പോളിങ് കേന്ദ്രത്തിൽ വച്ച് സ്ഥാനാർത്ഥി വോട്ട് ചോദിച്ചെന്നതായിരുന്നു ഇവിടെ സംഘർഷത്തിന് കാരണമായത്. മലപ്പുറത്ത് യുവതി രണ്ടിടത്ത് വോട്ട് ചെയ്തെന്ന് എൽ ഡി എഫ് പ്രവർത്തകരുടെ പരാതി. രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും പരിശോധിക്കുകയാണെന്നും താനൂർ പൊലീസ് അറിയിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 14, 2020, 8:10 PM IST
Post your Comments