മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെതിരെയാണ് കേസ്. വിഷ്ണു മർദ്ദിച്ച് കൊന്നെന്ന ജയകുമാറിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.

പേട്ട: പേട്ടയിലെ ഓട്ടോ ഡ്രൈവർ ജയകുമാറിന്റെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെതിരെയാണ് കേസ്. വിഷ്ണു മർദ്ദിച്ച് കൊന്നെന്ന ജയകുമാറിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. തിരുവനന്തപുരം പേട്ടയിലെ ഓട്ടോ ഡ്രൈവറായ കുടവൂര്‍ സ്വദേശി ജയകുമാറിനെ ട്രിപ്പിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു മര്‍ദ്ദിച്ച് കൊന്നെന്നായിരുന്നു ജയകുമാറിന്‍റെ ബന്ധുക്കൾ പരാതി നൽകിയത്.

ഇന്ന് രാവിലെ 11ന് പേട്ട ജങ്ഷനിലായിരുന്നു സംഭവം. ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ വിഷ്ണു മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി ഉയര്‍ന്നത്. റോ‍ഡിൽ വീണ ജയകുമാറിനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2007ൽ ആഞ്ജിയോഗ്രാം ചെയ്ത ജയകുമാര്‍ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളുമാണ്.

ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പേട്ട പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും ദൃക്സാക്ഷികളുടെ മൊഴിയെടുത്തും ജയകുമാറിന് മര്‍ദ്ദനമേറ്റോയെന്ന കാര്യം സ്ഥിരീക്കാനാണ് പൊലീസ് ശ്രമം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പേട്ട പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

YouTube video player