കൊച്ചി: വ്യാജവാറ്റ് കണ്ടെത്താൻ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ് രംഗത്ത്. എറണാകുളം റൂറല്‍ പൊലീസാണ് ജില്ലയുടെ മലയോര മേഖലകളില്‍ വ്യജവാറ്റുകാരെ പിടികൂടുന്നതിനായി ഡ്രോണ്‍ പരീക്ഷിക്കുന്നത്. ലോക്ക് ഡൗണിനിടെ വ്യാജമദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 12 കേസുകളാണ് എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 24 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 190 ലിറ്റര്‍ വാഷ് കണ്ടെടുത്തു. 

ജില്ലയില്‍ വ്യാജവാറ്റ് സജീവമായതോടെയാണ് ഡ്രോണ്‍ പരിശോധന നടത്തുന്നതെന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി
കെ. കാര്‍ത്തിക് പറയുന്നു. ജില്ലയുടെ മലയോര മേഖലയായ കോതമംഗലത്തും സമീപ പ്രദേശങ്ങളിലുമാണ് കൂടുതല്‍ കേസുകള്‍. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ഭാഗത്ത് പൊലീസെത്തിയുള്ള പരിശോധന അത്ര എളുപ്പമല്ല. 

ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. പൂയംകുട്ടി, കുട്ടന്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജവാറ്റ് കണ്ടെത്തിയത് ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ്. നാല് ഡ്രോണുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. വ്യാജമദ്യ നിര്‍മ്മാണത്തിനിടെ പിടിയിലാകുന്നവര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.