കേസിൽ കൃത്യ വിലോപത്തിന് ഇപ്പോഴും സസ്പെൻഷനിലുള്ള ആളാണ് എംഎസ് ഷിബു. ഷിബു കൃത്യമായി നടപടി എടുത്തിരുന്നുവെങ്കിൽ കെവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഭാര്യ നീനു മൊഴി നൽകിയിരുന്നത്.

കോട്ടയം: കെവിൻ കൊലപാതകക്കേസിൽ നിർണായകമൊഴിയുമായി സസ്പെൻഷനിലുള്ള മുൻ എസ്ഐ ഷിബു. കെവിനെ തട്ടിക്കൊണ്ട് പോയത് തനിക്ക് മുൻപേ മേലുദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്ന് ഷിബു മൊഴി നൽകി. സംഭവ ദിവസം രാവിലെ താൻ വിവരം അറിയിക്കും മുൻപേ തന്നെ ഡിവൈഎസ്‍പി വിവരം അറിഞ്ഞിരുന്നു. അന്വേഷണത്തിന് മൂന്ന് മണിക്കൂർ മാത്രമാണ് ലഭിച്ചതെന്നും എംഎസ് ഷിബു മൊഴി നൽകി.

കേസിൽ കൃത്യ വിലോപത്തിന് ഇപ്പോഴും സസ്പെൻഷനിലുള്ള ആളാണ് എംഎസ് ഷിബു. ഷിബു കൃത്യമായി നടപടി എടുത്തിരുന്നുവെങ്കിൽ കെവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഭാര്യ നീനു മൊഴി നൽകിയിരുന്നത്.

കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സർവ്വീസിലേക്ക് തിരിച്ചെടുത്ത ഉത്തരവ് നേരത്തേ മുഖ്യമന്ത്രി മരവിപ്പിച്ചിരുന്നു. കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്‍റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

ഗാന്ധിനഗർ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഐ ജി മെയ് 28-നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായത്തോടെ, എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു. 

കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ ജോസഫ് പറഞ്ഞിരുന്നു. അതേസമയം, എസ്ഐയെ തിരിച്ചെടുത്ത സംഭവം താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബെഹ്റ പ്രതികരിച്ചിരുന്നു.

Read More: കെവിൻ കേസ്: എസ് ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു