അലഹബാദ്: ഗോവധക്കേസിലെ പ്രതിയുടെ ബന്ധുക്കൾ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ ധൂമൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മരിയദീജ് ഗ്രാമത്തിലാണ് സംഭവം.

ബമ്രോലി ഔട്ട്‌പോസ്റ്റിന്റെ ചുമതലക്കാരനായിരുന്ന നിത്യാനന്ദും സംഘവുമാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഗോവധ കേസിൽ പ്രതിയായ നൂറൈനിന്റെ വീട്ടിൽ ശനിയാഴ്ചയാണ് പൊലീസ് എത്തിയത്. മാർച്ചിൽ രജിസ്റ്റർ ചെയ്ത ഗോവധ കേസിൽ നൂറൈനെ അറസ്റ്റ് ചെയ്യാനായിരുന്നു ഇവരെത്തിയത്.

നൂറൈനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കുടുംബാംഗങ്ങൾ അക്രമാസക്തരായി. ഇവർ പൊലീസിന് നേരെ കല്ലെറിയുകയും ചിലരെ ബന്ധികളാക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും ഇവർക്ക് നേരെ കുടുംബാംഗങ്ങൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു.

പിന്നീട് പൊലീസിന്റെ പിടിയിൽ നിന്നും നൂറൈനെ രക്ഷിച്ച ശേഷം ഇവർ സമീപത്തെ പുഴയിലേക്ക് എടുത്തുചാടി നീന്തി രക്ഷപ്പെട്ടു. സംഭവത്തിൽ പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.