കൊച്ചി: എറണാകുളം കാക്കനാടിന് സമീപം ബ്യൂട്ടി പാർലർ മാനേജരെ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് ആന്ധ്രയിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ചണ്ഡിരുദ്ര, സ്വദേശമായ സെക്കന്തരാബാദിലേക്ക് കടന്നെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം.
 
കാക്കനാട് ഇടച്ചിറയിലുള്ള മസ്ക്കി ബ്യൂട്ടി പാർലറിലെ മനേജരായിരുന്ന സെക്കന്തരാബാദ് സ്വദേശിയായ വിജയ് ശ്രീധരനെ ശനിയാഴ്ച രാവിലെയാണ് വാടക വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചണ്ഡിരുദ്രയാണ് കൊല നടത്തിയതെന്നാണ് പൊലീസിൻറെ നിഗമനം. കൃത്യത്തിനു ശേഷം ഇയാൾ സംസ്ഥാന വിട്ടതായി പൊലീസ് കണ്ടെത്തി.

ഒല്ലൂരിലാണ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി ലഭിച്ചത്. കൊച്ചി ഡിസിആർബി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആന്ധ്രയുടെ വിവിധ ഭാഗത്തേക്കായി നാലു സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ചണ്ഡിരുദ്രയുടെ സ്വദേശത്തും അന്വേഷണം നടത്തുന്നുണ്ട്. വിജയ് അറിയച്ചതുസരിച്ചാണ് ചണ്ഡിരുദ്ര ബ്യൂട്ടി പാർലറിൽ ജോലിക്കെത്തിയത്. 

കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇയാൾ കയ്യിൽ കരുതിയിരുന്നതാണോയെന്ന് സംശിക്കുന്നുണ്ട്. വീടിനുള്ളിലും സമീപത്തും തെരച്ചിൽ നടത്തിയെങ്കിലും ഇത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻറെ നിഗമനം.

മുറിയിൽ മദ്യപാനം നടന്നതിൻറെ ലക്ഷണങ്ങളും പൊട്ടിയ ഗ്ലാസ്സുകളും ഉണ്ടായിരുന്നു. രാത്രി പതിനൊന്നു മണിക്കു ശേഷം ബ്യൂട്ടി പാർലർ ഉടമയായ ചാലക്കുടി സ്വദേശി എഡ് വിൻറെ കാറിലാണ് ഇവർ വീട്ടിലെത്തിയത്. താൻ മടങ്ങിപ്പോകും വരെ വാക്കു തർക്കമൊന്നും നടന്നിട്ടില്ലെന്നാണ് ഉടമ മൊഴി നൽകിയിരിക്കുന്നത്.