Asianet News MalayalamAsianet News Malayalam

കൊടകര കേസ്: പണമെത്തിയത് സുരേന്ദ്രനടക്കമുള്ളവരുടെ അറിവോടെയെന്ന് കുറ്റപത്രം; സുരേന്ദ്രനും മകനും സാക്ഷികൾ

കൊടകര കുഴൽപ്പണ കേസിൽ പണിമെത്തിയത് കെ സുരേന്ദ്രന്റെയും മറ്റ് രണ്ട് ബിജെപി നേതാക്കളുടെയും അറിവോടെയെന്ന് കുറ്റപത്രം.  

Kodakara case Charge sheet that the money came with the knowledge of Surendran and two other BJP leaders
Author
Kerala, First Published Jul 23, 2021, 6:57 PM IST

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ പണിമെത്തിയത് കെ സുരേന്ദ്രന്റെയും മറ്റ് രണ്ട് ബിജെപി നേതാക്കളുടെയും അറിവോടെയെന്ന് കുറ്റപത്രം. 6.3 കോടി ത്യശൂരിലെ ബിജെപി നേതാക്കളെ ഏൽപ്പിച്ചു. ധർമ്മരാജൻ ഇതിന് മുമ്പും ഇത്തരത്തിൽ പണം കടത്തിയതായും കുറ്റപത്രം പറയുന്നു. കൊടകര കുഴൽപ്പണ കവർച്ച കേസ് കുറ്റപത്രത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

625 പേജുള്ള കുറ്റപത്രം അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചിരുന്നു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. കെ സുരേന്ദ്രനും മകനും ഉൾപ്പടെ 19 ബിജെപി നേതാക്കൾ സാക്ഷികളാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്‍റെ മകന്‍ അടക്കം 216 പേരാണ് സാക്ഷി പട്ടികയിലുള്ളത്. 

മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ ബിജെപി നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഇത് എത്തിയത് കർണാടകത്തിൽ നിന്നാണ്. പരാതിക്കാരനായ ധർമ്മരാജനെയാണ് പണം കൊണ്ടു വരാൻ ബിജെപി നേതാക്കൾ ഏൽപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ചെലവഴിച്ചു. 

ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കേസിൽ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. 

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബാക്കി തുക കണ്ടെത്താൻ ശ്രമം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios