കോഴിക്കോട്: കൊടുവള്ളിയില്‍ നഖ്സ ബന്ധിയ ത്വരീഖത്ത് ആസ്ഥാനത്ത് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ കൊടുവള്ളി സ്വദേശി മൊയ്തീന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

ഇസ്ലാം മത വിശ്വാസികളായ നഖ്ഷബന്ധിയ ത്വരീഖത്ത് വിഭാഗക്കാരും ഈ വിഭാഗത്തില്‍ നിന്നും പുറത്താക്കിയവരും തമ്മിലാണ് ഇന്നലെ രാത്രി അക്രമം നടന്നത്. പുറത്താക്കിവര്‍ക്ക് നക്സബന്ധിയ ആരാധാനാലയമായ ദര്‍ഗയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് ഒരു വിഭാഗം പറയുന്നു. ഈ വിലക്ക് ലഘിച്ച് ദര്‍ഗയിലെത്തിയ കെടുവളളി സ്വദേശി മോയ്തീനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.  ചികിത്സയിലുള്ളയാള്‍ക്ക് തലയിലും മുഖത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ ആരാധനാലയത്തിലെത്തുന്നതിന് ആര്‍ക്കും വിലക്കില്ലെന്നാണ് നഖ്ഷബന്ധിയ നേതാക്കളുടെ വിശദീകരണം. സ്ത്രീകളോട് അപരമര്യാദയായി പെരുമാറിയതിനാണ് മോയ്തീന് മര്‍ദ്ദനമേറ്റതെന്നും ഇവര്‍ പറയുന്നു. മോയ്തീനെതിരെ പൂനൂര്‍ സ്വദേശിയായ വീട്ടമ്മ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ മൊയ്തീന്‍റെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൂനൂര‍് സ്വദേശിനിയുടെ പരാതിയില്‍ മോയ്തിനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.