Asianet News MalayalamAsianet News Malayalam

ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ചാക്കിൽക്കെട്ടി മണലിൽ തള്ളി; പ്രതി പിടിയിൽ

പ്രതി ബംഗാൾ സ്വദേശി ദീപൻ കുമാർ ദാസിനെ ചെന്നൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ ഒരു ദിവസത്തിനുള്ളിൽ പ്രതിയിലേക്കെത്തിച്ചത്.

kolanchery guest worker killed and thrown in sacks defendant arrested
Author
Kolenchery, First Published Jul 27, 2021, 10:15 PM IST

എറണാകുളം:  കോലഞ്ചേരിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ചാക്കിൽക്കെട്ടി മണലിൽ തള്ളിയ കേസിലെ പ്രതി പിടിയിൽ. പ്രതി ബംഗാൾ സ്വദേശി ദീപൻ കുമാർ ദാസിനെ ചെന്നൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ ഒരു ദിവസത്തിനുള്ളിൽ പ്രതിയിലേക്കെത്തിച്ചത്.

കോലഞ്ചേരി പൂതൃക്കയിലെ മണൽ കൂനയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പൂതൃക്കയിലെ ടൈൽ നിർമാണ കന്പനിയിലെ മണൽകൂനയിലായിരുന്നു മൃതദേഹം. അസം സ്വദേശി രാജാദാസാണ് കൊലപ്പെട്ടത്. മണൽക്കൂനയ്ക്കടുത്ത് രക്തം കണ്ട് കന്പനിയിലെ തൊഴിലാളികൾ മണൽ നീക്കി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തല മൺവെട്ടി കൊണ്ട് അടിച്ച് തകർത്ത നിലയിലായിരുന്നു.

കൊല്ലപ്പെട്ട രാജാദാസും പ്രതി ദീപൻ കുമാർ ദാസും സഹപ്രവർത്തകരായിരുന്നു. പൂതൃക്കയിലെ അൾട്ടിമ പാവേഴ്സിൽ രണ്ട് മാസം മുന്പാണ് ഇരുവരും ജോലിക്ക് ചേർന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ പ്രതി രാജാദാസിനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം പ്രതി ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. ഇവിടെ നിന്ന് ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ കോയന്പേടിൽ നിന്ന് ദീപൻ കുമാർ ദാസിനെ പൊലീസ് പിടികൂടിയത്. പ്രതി ഈയിടെ പുതിയ മൊബൈൽ ഫോൺ സിം മേടിച്ചിരുന്നു. ഇയാളുടെ മൊബൈൽ വിളികൾ പിന്തുടർന്നാണ് പൊലീസ് ചെന്നൈയിലെത്തിയത്. പ്രതിയുമായി പൊലീസ് സംഘം കോലഞ്ചേരിയിലേക്ക് തിരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios