Asianet News MalayalamAsianet News Malayalam

ജീവനുള്ള വസ്തു കൊലപാതകത്തിന് ആയുധം, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വത; ഉത്ര വധക്കേസിൽ വിധി അൽപ്പസമയത്തിൽ

87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്

kollam anchal uthra murder case verdict will announce today
Author
Kollam, First Published Oct 11, 2021, 12:49 AM IST

കൊല്ലം: കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ (uthra murder case) കോടതിയുടെ വിധി പ്രഖ്യാപനം അൽപ്പസമയത്തിൽ. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിക്കുക. പ്രതി സൂരജിനെ ഉടൻ കോടതിയിൽ എത്തിക്കും. വൻ പൊലീസ് സന്നാഹമാണ് കോടതി പരിസരത്തുള്ളത്, ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതിയുടെ വിധി പ്രഖ്യാപനം എത്തുന്നത്.

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന് ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. സൂരജ് കുറ്റക്കാരൻ ആണോ അല്ലയോ എന്ന കാര്യത്തിൽ ആവും കോടതി ആദ്യം വിധി പറയുക. കുറ്റക്കാരനെന്ന് വിധിച്ചാൽ ശിക്ഷയെ കുറിച്ച് പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം വീണ്ടും കേൾക്കും.

സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസിലാണ് ഇന്ന് കോടതിയുടെ വിധി വരുന്നത്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.

വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്‍റെ വാദങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയെന്ന ആവശ്യം കോടതി അംഗീകരിക്കുമെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും പ്രതീക്ഷിക്കുന്നു.



ഉത്രക്കേസ് നാൾവഴി

2018 മാർച്ച് 25 - ഉത്രയുടേയും സൂരജിൻ്റേയും വിവാഹം

2020 മാർച്ച് 2 - ഉത്രക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നു

മാർച്ച് രണ്ട് മുതൽ ഏപ്രിൽ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ

ഏപ്രിൽ 22-ന് ഉത്രയുടെ അഞ്ചൽ ഏറത്തുള്ള വീട്ടിലേക്ക്

ഏപ്രിൽ 22 നും മെയ് 7 നും ഇടയിൽ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദർശനം

മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി

മെയ് ഏഴിന് ഉത്രയുടെ മരണം

അന്ന് മുതൽ തന്നെ വീട്ടുകാർക്ക് സംശയം

മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മെയ് 12ന് വീട്ടുകാർ പൊലീസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു

മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേർന്ന് റൂറൽ എസ് പി ഹരിശങ്കറിന് പരാതി നൽകി

ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഉത്രകേസില്‍ അത്യപൂര്‍വ പരീക്ഷണം


Latest Videos
Follow Us:
Download App:
  • android
  • ios