കൊല്ലം: കടയ്ക്കലില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. യുവതിയെ വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.

ആറ്റിങ്ങല്‍ സ്വദേശി ചന്ദ്രദാസാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി നേരിടുന്ന മുപ്പത്തിയഞ്ചുകാരിയായ യുവതിയെ കഴിഞ്ഞ മാസം 23നാണ് കാണാതായത്. യുവതിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുളത്തൂപ്പുഴയ്ക്കടുത്ത് ചതുപ്പ് എന്ന സ്ഥലത്ത് നിന്ന് ഇന്നലെ യുവതിയെ കണ്ടെത്തിയത്. 

താമസസ്ഥലത്തു നിന്ന് കുളത്തൂപ്പുഴയിലേക്കുളള യാത്രയ്ക്കിടെയാണ് യുവതിയെ കാണാതായത്.തുടര്‍ന്ന് മേഖലയിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെ ആക്രിക്കച്ചവടക്കാരനായ ചന്ദ്രദാസാണ് യുവതിയെ കൊണ്ടുപോയതെന്ന് വ്യക്തമായതും ചന്ദ്രദാസിനെ കണ്ടെത്തി അറസ്റ്റ് ചെയ്തതും. 

കുളത്തൂപ്പുഴയിലെ വീട്ടില്‍ പൊലീസെത്തുമ്പോള്‍ ആരാണ് തന്നെ ഇവിടെ എത്തിച്ചതെന്നു പോലും അറിയാത്ത നിലയിലായിരുന്നു യുവതിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. യുവതിയെ താന്‍ വിവാഹം കഴിച്ചെന്ന് ചന്ദ്രദാസ് മറ്റുളളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രദാസിനെ റിമാന്‍ഡ് ചെയ്തു.