കോഴിക്കോട്: കൂടത്തായി കൊലപാതക കേസുകളിൽ ജോളിയെ വീണ്ടും അറസ്റ്റ് ചെയ്യും. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ന് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും. ആൽഫൈന്  നൽകിയ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതേസമയം ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ജോളിയെ കോടതിയിൽ ഹാജരാക്കും. ജോളിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. ഷാജുവിനെയും പിതാവ് സഖറിയാസിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കേസിൽ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോൺസണെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. ജോളിയുടെ കാറിന്‍റെ രഹസ്യ അറയിൽ നിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ബുധനാഴ്ചയാണ് ജോളിയുടെ കാറിന്റെ ഡ്രൈവർ സീറ്റിന് ഇടതുഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പൊടി കണ്ടെത്തിയത്. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഉടൻതന്നെ കണ്ണൂരിലെ ഫോറൻസിക് ലാബിലെത്തിച്ച് പരിശോധന നടത്തി. സോഡിയം സയെനെയ്ഡെന്നാണ് പരിശോധനാഫലം.