Asianet News MalayalamAsianet News Malayalam

ഷാജുവിനേയും സക്കറിയയേയും ജോളിയേയും ഒന്നിച്ചിരുത്തി എസ്‍പിയുടെ മാരത്തണ്‍ ചോദ്യം ചെയ്യല്‍

പൊലീസ് കസ്റ്റഡിയിലുള്ള ജോളി ഉള്‍പ്പെടെയുളള മൂന്ന് പ്രതികളെയും ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരെയും രാവിലെ മുതല്‍ വൈകുന്നേരം വരെ അന്വേഷണം സംഘം ചോദ്യം ചെയ്തു. രാവിലെ പത്ത് മണിക്ക് വടകരയിലെ റൂറല്‍ എസ്പി ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്.

koodathai murder case investigation in full swing
Author
Koodathai, First Published Oct 14, 2019, 8:06 PM IST

കോഴിക്കോട്/ഇടുക്കി: കൂടത്തായി കൂട്ടക്കൊല കേസില്‍ അന്വേഷണം സജീവമായി തുടരുന്നു. കൂടത്തായിയിലെ ആറ് കൂട്ടക്കൊലകളുടേയും അന്വേഷണചുമതലയുള്ള ആറ് പൊലീസ് സംഘങ്ങളും പലവഴി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പൊന്നാമറ്റം കുടുംബാംഗങ്ങളെ കൂടാതെ ഇടുക്കിയില്‍ ജോളിയുടെ ബന്ധുക്കളേയും അന്വേഷണസംഘം ചോദ്യം ചെയ്തു. ജോളിയെ വ്യാജഒസത്ത്യണ്ടാക്കാന്‍ സഹായിച്ച  തഹസില്‍ദാര്‍ പികെ ജയശ്രീ ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു മുന്‍പാകെ ഹാജരായി മൊഴി നല്‍കി. 

കൂടത്തായി കേസിലെ അന്വേഷണത്തിന് വഴി തുറന്ന പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോ ഇന്നു പുലര്‍ച്ചെ അമേരിക്കയില്‍ നിന്നും കൊച്ചിയിലെത്തി. പൊലീസ് സംരക്ഷണയില്‍ വൈക്കത്തുള്ള സഹോദരി റെഞ്ചുവിന്‍റെ ഫ്ളാറ്റിലേക്ക് പോയ റോജോ നാളെ വടകരയിലെ റൂറല്‍ എസ്പി ഓഫീസില്‍ ഹാജരാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കൂടത്തായി കൊലപാതക പരമ്പരയിലെ നിര്‍ണായകമായ ചോദ്യം ചെയ്യലും മൊഴിയെടുക്കലുമാണ്  വടകര റൂറല്‍ എസ്പി ഓഫീസില്‍ ഇന്ന് നടന്നത്. പൊലീസ് കസ്റ്റഡിയിലുള്ള ജോളി ഉള്‍പ്പെടെയുളള മൂന്ന് പ്രതികളെയും ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരെയും രാവിലെ മുതല്‍ വൈകുന്നേരം വരെ അന്വേഷണം സംഘം ചോദ്യം ചെയ്തു. രാവിലെ പത്ത് മണിക്ക് വടകരയിലെ റൂറല്‍ എസ്പി ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്. അന്വേഷണ സംഘം ആദ്യ ചോദ്യം ചെയ്തത് മുഖ്യപ്രതി ജോളിയെയാണ്. തുടര്‍ന്ന് ഷാജു, പിതാവ് സഖറിയാസ് എന്നിവരെ വെവ്വേറെ ചോദ്യം ചെയ്തു. ഇതിനു ശേഷം രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെയും റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു. 

അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെജി സൈമണ്‍ നേരിട്ടാണ് ഇന്ന് ചോദ്യം ചെയ്യല്ലിന് നേതൃത്വം നല്‍കിയത്. ജോളി, ഷാജു, സഖറിയാസ് എന്നിവരെ ഒരുമിച്ചിരുത്തിയാണ് എസ്പി ചോദ്യം ചെയ്തത്. 5000 രൂപയും രണ്ട് കുപ്പി മദ്യവും നൽകിയാണ് ആദ്യ പ്രജു കുമാറിന്റെ കൈയ്യിൽ നിന്ന് താന്‍ സയനൈഡ്  വാങ്ങിയതെന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ മാത്യു  മൊഴി നല്‍കിയിരുന്നു. കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി ഡോ. ദിവ്യ ഗോപിനാഥും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്.

അതിനിടെ ഷാജുവിന്‍റെ ഇളയ കുഞ്ഞ് ആല്‍ഫൈന്‍റെ കൊലപാതകം അന്വേഷിക്കുന്ന തിരുവമ്പാടി സിഐയുടെ നേതൃത്വത്തിലുളള സംഘം ഷാജുവിന്‍റെ സഹോദരി ഷീനയുടെ മൊഴി രേഖപ്പെടുത്തി. സിലിയുടെ നിർദേശ പ്രകാരം ആൽഫൈന് ഭക്ഷണം നൽകിയത് താനാണെന്നും ഒരു സംശയവും തോന്നിയിരുന്നില്ലെന്നും ഷീന മൊഴി നല്‍കി. 

സിഐ ബിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുളള മറ്റൊരു പൊലീസ് സംഘം കട്ടപ്പനയിലെത്തി ജോളിയുടെ മാതാപിതാക്കളില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. കൂടത്തായി കേസ് അന്വേഷണത്തിന് തുടക്കമിട്ട സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ ജോര്‍ജ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. 

ജോളിയുടെ പിതാവ് ജോസഫ്, മാതാവ്, സഹോദരങ്ങളായ ജോസ്,ബാബു, നോബി എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മൊഴിയെടുക്കൽ രണ്ട് മണിക്കൂറിലധികം നീണ്ടു. വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിന് ജോളിയ്ക്ക് കുടുംബത്തിൽ നിന്ന് സഹായം ലഭിച്ചിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. കട്ടപ്പനയിലെ കുടുബ വീട്ടിൽ വച്ചായിരുന്നു മൊഴിയെടുക്കൽ. 

ഇതിനു ശേഷം ജോത്സ്യന്‍ കൃഷ്ണകുമാറിന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണ സമയത്ത് വസ്ത്രത്തിൽ നിന്ന് കിട്ടിയ ഏലസ് പൂജിച്ച് നൽകിയത് കൃഷ്ണകുമാറായിരുന്നു. റോയി കട്ടപ്പനയിലെ ജ്യോത്സ്യനെ നിരന്തരം കാണാറുണ്ടെന്നും ജോളി മൊഴി നൽകിയിരുന്നു. എന്നാൽ ഇങ്ങനെ രണ്ടാളുകളെ ഓർമ്മയില്ലെന്നാണ് ജ്യോത്സ്യന്റെ വിശദീകരണം.

അതിനിടെ റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ അന്വേഷണ സംഘത്തിന് മൊഴി നല്‍കാനായി വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലെത്തി. നാളെ വടകരയിലെ എസ്പി ഓഫീസിലെത്തി റോജോ മൊഴി നല്‍കുമെന്നാണ് സൂചന. കൊച്ചിയില്‍ വിമാനമിറങ്ങിയ റോജോയെ പൊലീസ് സംരക്ഷണയിലാണ് സഹോദരിയുടെ വീട്ടിലെത്തിച്ചത്.

അതിനിടെ കൂടത്തായി കേസിലെ റവന്യൂ നപടി ക്രമങ്ങളിൽ വീഴ്ച പറ്റിയതായാണ് ഡെപ്യൂട്ടി കലക്ടറുടെ അന്വേഷണത്തിൽ പ്രാഥമികമായ കണ്ടെത്തൽ. ഉടമസ്ഥന്‍റേത് അല്ലാത്ത പേരിൽ നികുതി സ്വീകരിച്ചതായി റവന്യൂ അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കലക്ടർ സി. ബിജു അറിയിച്ചു. ജോളിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടത്തായി വില്ലേജ് ഓഫീസിന് വീഴ്ച പറ്റിയതായി വ്യക്തമായിട്ടുണ്ട്.  

എന്തടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഉടമസ്ഥന്‍റേത് അല്ലാത്ത പേരില്‍ നികുതി സ്വീകരിച്ചതായാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അന്നത്തെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്. ഇതിനു ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു അറിയിച്ചു. 

കേസില്‍ ആരോപണ വിധേയയായ തഹസില്‍ദാര്‍ ജയശ്രീ വാര്യരില്‍ നിന്ന് ഡെപ്യൂട്ടി കലക്ടര്‍ മൊഴിയെടുത്തു. മൊഴിയെടുപ്പ് മൂന്നര മണിക്കൂറോളം നീണ്ടു. കേസിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ജയശ്രീ പ്രതികരിച്ചു. എല്ലാം അന്വേഷണ ഉദ്യോഗസ്ഥനോട് പറ‍ഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി കലക്ടര്‍ക്ക് മൊഴി നല്‍കിയ ശേഷം ജയശ്രീ കലക്ടറെയും കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. നേരത്തെ രണ്ട് തവണ ക്രൈംബ്രാഞ്ച് സംഘം ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാജ വില്‍പത്രം ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചെന്നാണ് ജയശ്രീക്കെതിരായ ആരോപണം.

Follow Us:
Download App:
  • android
  • ios