തിരുവനന്തപുരം: കൂടത്തായി കൊലപാതകക്കേസിൽ  അഡ്വ. ആളൂര്‍ അസോസിയേറ്റിന്‍റെ ഭാഗമായി  പ്രതി ജോളിക്ക് വേണ്ടി കോടതിയിൽ  ഹാജരായ അഭിഭാഷകനെതിരെ കെഎസ്‍യു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പദവിയിലിരിക്കുന്ന അഡ്വ: ഹിജാസ് അഹമ്മദാണ് ജോളിക്ക് വേണ്ടി ഹാജരായത്.

സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വി പി അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. ദേശീയ സംസ്ഥാന കമ്മിറ്റികളോടാണ് അബ്ദുല്‍ റഷീദ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

നേരത്തെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് ജോളിയില്‍ നിന്ന് അഭിഭാഷകനായ ഹിജാസ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ഇത് ആളൂര്‍ അസോസിയേറ്റ്സിന്‍റെ ഭാഗമായിട്ടായിരുന്നു. കേസെടുക്കാന്‍ പ്രതി ആവശ്യപ്പെട്ടതാണെന്നായിരുന്നു അഭിഭാഷകനായ ബിഎ ആളൂര്‍ വ്യക്തമാക്കിയത്. കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ജോളിക്കെതിരായ കുറ്റം തെളിയിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.