കോഴിക്കോട്: അന്വേഷണം കൂടുതലായി മുന്നോട്ട് പോകുമ്പോള്‍ കൂടത്തായി കൊലക്കേസ് പലതായി പിരിഞ്ഞ് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണസംഘത്തിലേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.  

വ്യാജവില്‍പത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുത്തു എന്ന പരാതിയില്‍ തുടങ്ങിയ പ്രാഥമിക അന്വേഷണം ഇപ്പോള്‍ ആറ് പേരുടെ ജീവനെടുത്ത കൂട്ടക്കൊലയായി മാറിയിരിക്കുന്നു. ഇതോടൊപ്പം ചിലരെ കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്നും ചിലരെ കൊല്ലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെന്നുമുള്ള മൊഴികള്‍ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

കുടുംബത്തിനകത്ത് നിന്നും തന്നെ ജോളിക്ക് സഹായം ലഭിച്ചിരുന്നു എന്നതിനാല്‍ പലതരം ഗൂഢാലോചനകള്‍ സംബന്ധിച്ച അന്വേഷണവും നടക്കാനുണ്ട്. ഇതോടൊപ്പം സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും, ഒരു തഹസില്‍ദാര്‍, അഭിഭാഷകര്‍, ബിഎസ്എന്‍എല്‍ ജീവനക്കാരനും ജോളിയുടേയും മരണപ്പെട്ട റോയിയുടേയും സിലിയുടേയും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

പുറത്തറിഞ്ഞതിലും വളരെയേറെ സങ്കീര്‍ണമായ കേസാണ് കൂടത്തായി കൂട്ടക്കൊലയെന്നും വളരെ കരുതലോടെ നീങ്ങിയില്ലെങ്കില്‍ കേസ് കോടതിയില്‍ തള്ളിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. 

നേരത്തെ കൊല്ലപ്പെട്ടവരുടെ കല്ലറകള്‍ പൊളിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ശാസ്ത്രീയ പരിശോധനകളില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ മരണപ്പെട്ട അന്നമ്മയുടേയും ടോമിന്‍റേയും അമേരിക്കയിലുള്ള മകന്‍ റോജോയെ നാട്ടിലേക്ക് വിളിച്ചുവരുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഉറ്റ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ച് മൈറ്റോ കോൺട്രിയ ഡിഎന്‍എ അനാലിസിസ് പരിശോധന നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ഇതോടൊപ്പം മൃതദേഹത്തില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ വിദേശത്തേക്ക് ആധുനിക ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത അസ്ഥികളിലെ മജ്ജ പരിശോധിച്ചാല്‍ മരണകാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള ആധുനിക പരിശോധന സംവിധാനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ലഭ്യമാണ് എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഈ വഴിക്കുള്ള നടപടികള്‍ ആരംഭിച്ചത്. 

ഇതിനു വേണ്ടിയുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമണ്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും നേടിയെടുത്തിട്ടുണ്ട്.  ഇതിലൂടെ ഒരോ മൃതശരീരങ്ങളും ആരുടേതാണെന്ന് കണ്ടെത്താനും അവരുടെ ശരിയായ മരണകാരണം തെളിയിക്കാനും സാധിക്കും. 

നിലവില്‍ റോയിയുടെ മരണത്തില്‍ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഷാജുവിന്‍റെ മുന്‍ ഭാര്യയുടേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട് കാര്യമായ തെളിവുകള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് കേസിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുകയാണ്. പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൂടാതെ ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്‍റെ മരണവും ഇപ്പോള്‍ സംശയനിഴലിലാണ്.