നഗരത്തില്‍ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. 

കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലെന്നും ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.

കോഴിക്കോട് നഗരത്തില്‍ 160 ഇലക്ട്രിക് ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. തൊഴിലെടുത്ത് ജീവിക്കാന്‍ പെട്രോള്‍, ഡീസല്‍ ഓട്ടോക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഇലക്ട്രിക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പരാതി. ആക്രമണവും അസഭ്യ വര്‍ഷവും നിരന്തരമുണ്ടാകുന്നുവെന്ന് ഇവര്‍. മാവൂര്‍ റോഡ് ജങ്ഷനില്‍ വച്ച് മുഖത്തടിച്ചതാണ് സംഭവത്തില്‍ ഏറ്റവും അവസാനത്തേത്.

ആക്രമണത്തിന് ഇരയായ സലീം പരാതി നല്‍കി. പൊലീസ് കേസായി. ഇത്തരത്തില്‍ മാസങ്ങള്‍ക്കിടയില്‍ നിരവധി കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് നഗര പെര്‍മിറ്റ് ഇല്ലാതെ ഓടാന്‍ അനുമതിയുണ്ട്. 

എന്നാല്‍ ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് പെട്രോള്‍, ഡീസല്‍ ഓട്ടോ തൊഴിലാളികള്‍. അതുകൊണ്ട് തന്നെ ഓട്ടോ സ്റ്റാന്‍റില്‍ ഇലക്ട്രിക് ഓട്ടോ നിര്‍ത്തിയിടാനും ഇവര്‍ അനുവദിക്കാറില്ല. വഴിയില്‍ നിന്ന് ആളെ കയറ്റിയാല്‍ പോലും പ്രശ്നമുണ്ടാക്കുന്നുവെന്നാണ് പരാതി. നിരന്തരമായി ആക്രമിക്കപ്പെട്ടതോടെ പ്രശ്നങ്ങളൊന്നുമില്ലാതെ ഓടാനുള്ള ഹൈക്കോടതി വിധി സമ്പാദിച്ചിരിക്കുകയാണ് ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍.