Asianet News MalayalamAsianet News Malayalam

പൊലീസിന് നേരെ വടിവാള്‍ വീശി ഗുണ്ടാസംഘം; നാല് പേർ അറസ്റ്റിൽ

കോട്ടപ്പറമ്പിലെ ബാറില്‍ നിന്നും ഇറങ്ങി വന്ന തിരുവനന്തപുരം സ്വദേശിയെ നാലു പേര്‍ ചേര്‍ന്ന് കത്തി വീശി പേഴ്‌സും പണവും കൈക്കലാക്കിയ ശേഷം രണ്ടു പവന്റെ സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു.

kozhikode four youth arrested for attacking police joy
Author
First Published Aug 27, 2023, 12:49 AM IST

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി കവര്‍ച്ചാ സംഘം. നഗരത്തില്‍ കത്തി കാണിച്ച് കവര്‍ച്ച നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെയാണ് സംഘം വടിവാള്‍ വീശിയത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രിയിലാണ് കോഴിക്കോട് നഗരത്തില്‍ ഗുണ്ടാ സംഘം അഴിഞ്ഞാടിയത്. ഒമ്പത് മണിയോടെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആനി ഹാള്‍ റോഡില്‍ വഴിയാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം പേഴ്‌സ് കൈക്കലാക്കി സ്ഥലം വിട്ടു. പിന്നാലെ കോട്ടപ്പറമ്പിലെ ബാറില്‍ നിന്നും ഇറങ്ങി വന്ന തിരുവനന്തപുരം സ്വദേശിയെ നാലു പേര്‍ ചേര്‍ന്ന് കത്തി വീശി പേഴ്‌സും പണവും കൈക്കലാക്കിയ ശേഷം രണ്ടു പവന്റെ സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു. മാവൂര്‍ റോഡ് ശ്മശാനത്തിനു സമീപത്തു വെച്ചും സമാനമായ അക്രമം അരങ്ങേറിയതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ ബോണറ്റില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയ ശേഷം സംഘം സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു.

പിന്നാലെ കസബ സ്റ്റേഷന്‍ പരിധിയില്‍ വച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വീട്ടുടമയെ അക്രമിച്ച് പണം കവര്‍ന്നു. സ്ഥലത്തെത്തിയ കസബ പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് സംഘത്തില്‍ പെട്ട കോഴിക്കോട് കൊടുവള്ളി സ്വദേശി സിറാജുദ്ദീന്‍ തങ്ങളെ സാഹസികമായി കീഴ്‌പെടുത്തി. ഇതിനിടയിലാണ് ഒരു പൊലീസുകാരന് പരുക്കേറ്റത്. പിന്നാലെ സംഘത്തിലുണ്ടായിരുന്ന പെരുമണ്ണ സ്വദേശി അന്‍ഷിദിനെ പുതിയറ വച്ച് പൊലീസ് ഓടിച്ചിട്ട് പിടികൂടി. കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍, വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് എന്നിവരെ വീട്ടിലെത്തിയാണ് പൊലീസ് സംഘം പിടികൂടിയത്. ഇവര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണമുള്‍പ്പെടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

ഇവര്‍ കവര്‍ച്ച നടത്താനായി ഉപയോഗിച്ച ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘങ്ങളായി തിരിഞ്ഞും ഒരുമിച്ചു ചേര്‍ന്നുമൊക്കെ പിടിച്ചു പറി നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്നിന് അടിമകളായ ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. സിറാജുദ്ദിന്‍ തങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഘത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. 

  വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios