Asianet News MalayalamAsianet News Malayalam

'അമേരിക്കയില്‍ നിന്ന് സ്വര്‍ണ്ണവും ഡോളറും'; സന്ദേശം വിശ്വസിച്ച യുവതിക്ക് നഷ്ടം 15 ലക്ഷം

'ബന്ധു നാട്ടിലില്ലാത്തതിനാല്‍ പരാതിക്കാരിയായ ഈങ്ങാപ്പുഴ സ്വദേശിനിയുടെ മേല്‍വിലാസത്തില്‍ പാക്കേജ് അയയ്ക്കുമെന്നും ബന്ധു നാട്ടില്‍ വന്നാല്‍ നല്‍കിയാല്‍ മതിയെന്നുമാണ് അറിയിച്ചത്.'

kozhikode online fraud case woman loses Rs 15 lakh joy
Author
First Published Feb 3, 2024, 11:43 PM IST

കോഴിക്കോട്: അമേരിക്കയില്‍ നിന്നയയ്ക്കുന്ന സ്വര്‍ണ്ണവും ഡോളറും അടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജ സന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത യുവതിക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സംഭവം ഇങ്ങനെ: യുവതിയുടെ അമേരിക്കയിലുള്ള സുഹൃത്തിന്റെ നാട്ടിലുള്ള ബന്ധുവിന് നല്‍കാനായി ഒരു പാക്കേജ് കൈപ്പറ്റണമെന്ന് ആവശ്യപ്പെട്ടാണ് 2023 ഡിസംബര്‍ 26ന് വാട്‌സ്ആപ്പ് സന്ദേശമെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒപ്പം ജോലി ചെയ്ത സ്ത്രീ സുഹൃത്താണെന്ന് പറഞ്ഞായിരുന്നു വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടത്. ബന്ധു നാട്ടിലില്ലാത്തതിനാല്‍ പരാതിക്കാരിയായ ഈങ്ങാപ്പുഴ സ്വദേശിനിയുടെ മേല്‍വിലാസത്തില്‍ പാക്കേജ് അയയ്ക്കുമെന്നും ബന്ധു നാട്ടില്‍ വന്നാല്‍ നല്‍കിയാല്‍ മതിയെന്നുമാണ് അറിയിച്ചത്.

തുടര്‍ന്ന് പാക്കേജ് അയച്ചു കഴിഞ്ഞതായും അതില്‍ സ്വര്‍ണ്ണവും അറുപതിനായിരം യു.എസ് ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് വാട്‌സ്ആപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചു നല്‍കി. പിന്നീട് ഡല്‍ഹിയിലെ കൊറിയര്‍ കമ്പനിയില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അറുപതിനായിരം രൂപയും കൊറിയര്‍ ചാര്‍ജ്ജായി അടപ്പിച്ചു. പാക്കേജില്‍ സ്വര്‍ണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറന്‍സിനും നികുതിയിനത്തിലും മറ്റുമായി വീണ്ടും പണമടയ്ക്കണമെന്നും വിളിച്ചവര്‍ ആവശ്യപ്പെട്ടു. പിന്നീട് പതിനാല് ലക്ഷത്തോളം രൂപയും കൊറിയര്‍ ഇടപാടിനായി ഏതാനും ഡോളറും യുവതി ഡല്‍ഹിയിലെ കനറാ ബാങ്കിലെയും ഫെഡറല്‍ ബാങ്കിലെയും ശാഖകളിലെ അക്കൗണ്ടുകളിലേക്ക് അടച്ചു. തുടര്‍ന്നും പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് താന്‍ തട്ടിപ്പിനിരയായതായി യുവതിയ്ക്ക് സംശയം തോന്നിയത്. 

തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടതോടെ സംഭവം തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ.ടി ആക്ട് 66 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

യു ട്യൂബര്‍ക്കെതിരെ കേസ്: ടി.എന്‍ പ്രതാപന്റെ പ്രതികരണം 
 

Latest Videos
Follow Us:
Download App:
  • android
  • ios