കോഴിക്കോട് കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആറ് മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാനുളള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപികക്കെതിരെ സൈബര്‍ ആക്രമണമെന്ന് പരാതി കോഴിക്കോട് പന്തലായനി യുപി സ്‌കൂള്‍ അധ്യാപികയായ സുമയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകളിലൂടെ ആക്രമണത്തിനിരയായെന്ന് പൊലീസില്‍ പരാതിപ്പെട്ടത്. അവഹേളിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സുമ അത്തോളി പൊലീസിലും ഡിജിപിക്കും പരാതി നല്‍കി.

ഈ മാസം 25നാണ് കെപിഎസ്ടിഎ സംസ്ഥാന ഭാരവാഹിയായ സുമ ശമ്പളം പിടിക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കുലര്‍ കത്തിച്ചത്. ഇതിന്റെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സര്‍ക്കുലര്‍ കത്തിച്ച നടപടിയെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചതിനു പിന്നാലെ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് അധ്യാപികക്കെതിരെ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അശ്ലീല സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിച്ച് തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. കെഎസ്ടിഎ അംഗങ്ങളായ അധ്യാപകരും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സൈബര്‍ ആക്രമണം നടത്തുന്നുന്നുവെന്നും പരാതിയില്‍ പറയുന്നു. 

സുമയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അത്തോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതിനിടെ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ ആഹ്വാനമനുസരിച്ചായിരുന്നു ശമ്പളം പിടിക്കാനുളള ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്.