വസ്ത്ര വ്യാപാരികളെന്ന് പരിചയപ്പെടുത്തി ദില്ലി സ്വദേശികളായ പര്‍വീണ്‍ ബാനു, മക്കളായ സക്കീന ഫാത്തിമ, അബ്ബാസ് അലി എന്നിവര്‍ ഇരിക്കൂറിലെത്തി. പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ ഇവര്‍ക്ക് നാട്ടുകാര്‍ കുഞ്ഞാമിനയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസ സൗകര്യവുമൊരുക്കി.
കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി പത്തു വര്‍ഷത്തിന് ശേഷം പിടിയില്‍. കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വര്‍ണം കൈക്കലാക്കിയ ശേഷം മുങ്ങിയ അബ്ബാസലിയാണ് ദില്ലിയില്‍ വെച്ച് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കേസില്‍ കൂട്ടു പ്രതികളായിരുന്ന അബ്ബാസലിയുടെ അമ്മയും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു.
ഏറെ കോളിളക്കമുണ്ടായ കൊലപാതകമായിരുന്നു ഇരിക്കൂറിലെ കുഞ്ഞാമിനയുടേത്. സ്വന്തം ഉടമസ്ഥതയിലുള്ള ക്വാര്ട്ടേ്സില് 2016 ഏപ്രിലില്‍ 30നാണ് കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തിയത്. വസ്ത്ര വ്യാപാരികളെന്ന് പരിചയപ്പെടുത്തി ദില്ലി സ്വദേശികളായ പര്‍വീണ്‍ ബാനു, മക്കളായ സക്കീന ഫാത്തിമ, അബ്ബാസ് അലി എന്നിവര്‍ ഇരിക്കൂറിലെത്തി. പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ ഇവര്‍ക്ക് നാട്ടുകാര്‍ കുഞ്ഞാമിനയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസ സൗകര്യവുമൊരുക്കി. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന കുഞ്ഞാമിനയുമായി മൂവരും വേഗത്തില്‍ അടുപ്പത്തിലായി.
കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവരാനായിരുന്നു ഇവരുടെ പദ്ധതി. വാടക ചോദിച്ച് മുറിയിലെത്തിയ കുഞ്ഞാമിനയെ മൂന്നു പേരും ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ടു. വായില്‍ ഇന്സുലേഷന് ടേപ് ഒട്ടിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സ്ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തി കൊലപ്പെടുത്തി. ആഴത്തിലേറ്റ 19 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. കൊലക്ക് ശേഷം കുഞ്ഞാമിനയുടെ പത്തു പവനോളം സ്വര്‍ണവുമായി സംഘം രക്ഷപ്പെട്ടു. വ്യാജ മേല്‍വിലാസമായിരുന്നു ഇവര്‍ എല്ലാവര്ക്കും നല്‍കിയത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മധ്യപ്രദേശില്‍ നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ പര്‍വീണ്‍ ബാനുവിനേയും സക്കീന ഫാത്തിമയേയും പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദില്ലിയില്‍ വെച്ച് അബ്ബാസ് അലി പിടിയിലായത്.
ദില്ലിയിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്രൈംബ്രാഞ്ച് സംഘം ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളടക്കം നടത്തി പണമുണ്ടാക്കുകയായിരുന്നു ഇയാളുടെ ഇപ്പോളത്തെ രീതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. ആന്ധ്രാപ്രദേശിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയതിന് മൂവരുടേയും പേരില്‍ കേസുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷമാണ് ഇവര്‍ അടുത്ത കുറ്റകൃത്യം ചെയ്യുന്നത്.









