ബിസിനസ് വൈരത്തെ തുടർന്ന് സുഹൃത്ത് അമോൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ ആറുപേർ പിടിയിലായി. ബാക്കി സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് മോഷ്ടിച്ച സ്വർണം ആളൊഴിഞ്ഞ പുരയിടത്ത് കുഴിച്ചിട്ടു. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും സ്വർണം കണ്ടെത്തി. ക്വട്ടേഷൻ ഏറ്റെടുത്ത അനുപ് രാജാണ് സ്വർണം രക്ഷപ്പെടുന്നതിനിടെ കുഴിച്ചിട്ടത്. അനൂപ് കുഴിച്ചിട്ട സ്ഥലത്തുനിന്നും സ്വർണം എടുത്ത് പൊലീസിന് നൽകി. സ്വർണത്തിൻ്റെ അളവ് തിട്ടപ്പെടുത്തി വരുകയാണ്. 420 ഗ്രാം സ്വർണം പ്രതികളുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയിരുന്നു. നന്ദകുമാറിന്‍റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ രണ്ട് ജ്വല്ലറി ഉടമകൾ അടക്കം ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിന്‍റെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയിൽ കണ്ടതാണ് നിർണ്ണായകമായത്.

ബിസിനസ് വളർച്ചയിലെ വൈരം കാരണം സുഹൃത്തിന്‍റെ ചതിയാണ് ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്‍റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലിന്‍റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന. കായംകുളത്തെ ഒരു വ്യാപാരിക്ക് വലിയ അളവിൽ സ്വർണം വിൽക്കാൻ നന്ദകുമാർ പദ്ധതിയിടുന്ന വിവരം പ്രതികൾക്ക് ലഭിച്ചിരുന്നു.അമോലും നന്ദകുമാറും മാഹാരാഷ്ട്രയിൽ നിന്നും വർഷങ്ങള്‍ക്കു മുമ്പ കേരളത്തിലെത്തി സ്വർണ ബിസിനസ്സ് തുടങ്ങിയവരാണ്. അമോലിന്‍റെ വീടിനുടത്തുള്ള കെട്ടിടത്തിലെ ചെറിയ കടമുറയിലാണ് നന്ദകുമാർ സ്വർണ കച്ചവടം ചെയ്തിരുന്നത്. എന്നാൽ നന്ദകുമാറിന്‍റെ പെട്ടെന്നുള്ള വളർച്ച സുഹൃത്തിനെ അസ്വസ്ഥനാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം