കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും വലിയ റേഷൻ കൊള്ളയിൽ ഞെട്ടി വയനാട്. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫിന്റെ പേരിലുള്ള എആര്‍ഡി 3-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി. ഇന്നലെ രാവിലെ റേഷന്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. രണ്ട് മുറികളിലായാണ് റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു മുറിയുടെ പൂട്ട് പൊളിച്ചശേഷമാണ് അരിയും ഗോതമ്പും കൊണ്ടു പോയത്. അടുത്തയാഴ്ച്ച വിതരണം ചെയ്യാനുള്ളതായിരുന്നു മോഷ്ടിച്ച സാധനങ്ങൾ

ഈ മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രം ബാക്കിയാക്കി 257 ചാക്ക് സാധനങ്ങള്‍ കടിത്തിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് കടയുടമ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 127 ക്വിന്റല്‍ സാധനങ്ങളാണ് കടത്തിയതെന്നാണ് വിവരം. ഇ-പോസ് മെഷിനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് കടയുടമ കടപൂട്ടി വീട്ടിലേക്ക് മടങ്ങിയത്. രാത്രി 11 മണിയോടെ എട്ടെനാല് എന്ന പ്രദേശത്ത്  നിന്നും ഫുട്‌ബോള്‍ കളികണ്ട് നിരവധിപേര്‍ ഇതുവഴി കടന്നുപോയിരുന്നു. അതിനാൽ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. 

എന്നാല്‍ 257 ചാക്ക് സാധനങ്ങള്‍ റേഷന്‍കടയില്‍ നിന്നും മോഷണം പോയെന്ന പരാതി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന. ഇത്രയും ചാക്കുകൾ വാഹനത്തിൽ കയറ്റാൻ ഏറ്റവും ചുരുങ്ങിയത് രണ്ടര മണിക്കൂർ വേണമെന്നാണ് കയറ്റിറക്ക് മേഖലയിലെ പരിചയ സമ്പന്നർ പറയുന്നത്. മാത്രമല്ല മാനന്തവാടി മേഖലയിൽ നിന്ന് വൈത്തിരിയിലേക്കും അതുവഴി കോഴിക്കോട്ടേക്കും എളുപ്പത്തിൽ എത്തിചേരാവുന്ന പാതയാണ് കടയുടെ മുമ്പിലൂടെ കടന്ന് പോകുന്നത്. 

മൊതക്കര ടൗണിൽ മോഷണം നടന്ന കടയുടെ സമീപത്ത് തന്നെ നിരവധി വീടുകളും ബസ് ജീവനക്കാരുടെ താമസസ്ഥലവും ഉണ്ട്. ആരുടെയും കണ്ണിൽപ്പെടാതെ മണിക്കൂറുകൾ എടുത്ത് മോഷണം നടത്തുകയെന്നത് പൊലീസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പകുതിയോളം ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന 1200 കാർഡുകളാണ് ഈ റേഷന്‍ കടയ്ക്ക് കീഴിലുള്ളത്.  വെള്ളമുണ്ട സ്റ്റേഷന്‍ ഓഫീസര്‍ കെ. സന്തോഷ്, എസ് ഐ എം.ഇ വര്‍ഗ്ഗീസ് തുടങ്ങിയവരും പോലീസ് ഡോഗ്‌ സ്ക്വാഡും വിരലടയാള വിധഗ്ദ്ധരും  സ്ഥലത്തെത്തി പരിശോധന നടത്തി.  അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.