കാസര്‍കോട്: സ്വർണവ്യാപാരിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് കടവത്ത് സ്വദേശി മൻസൂർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഉപ്പള സ്വദേശി അബ്ദുള്‍ സലാമിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂടാതെ 75,000 രൂപ പിഴയും അടക്കണം. മൂന്നാം പ്രതി കർണാടക ഹാസൻ സ്വദേശി രങ്കണ്ണക്ക് മൂന്ന് വർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

പിഴ തുകയിൽ നിന്നും 75,000 രൂപ കൊല്ലപ്പെട്ട മന്‍സൂര്‍ അലിയുടെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷകൂടി അധികം തടവ് അനുഭവിക്കണം. കേസിലെ ഒന്നാം പ്രതി തമിഴ്‍നാട് പുതുക്കൈ സ്വദേശി മാരിമുത്തു എന്ന മുഹമ്മദ് അഷ്റഫ് വിചാരണക്കിടയില്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ കണ്ടെത്താൻ കഴിയാത്തതിനാല്‍ ഒന്നാം പ്രതിക്കെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.