ഹൈദരാബാദ്: ലോക്ക് ഡൗണിനിടെ തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പിൽ വൻ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയിൽനിന്ന് മോഷണം പോയി. കെട്ടിടം ‍‍ഡ്രിൽ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

കടയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായതോടെ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 25 വയസ് പ്രായം തോന്നുന്ന യുവാവാണ് മോഷണത്തിന് പിന്നാലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറ‌ഞ്ഞു. കടയുടെ മേൽക്കൂര തുരന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് യുവാവ് അകത്ത് കടന്നത്. 

കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.