പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറത്തെ വിവിധ സര്‍വകലാശാലകളുടെ നൂറിലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും കണ്ടെടുത്തത്

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ പൊലീസ് പിടിയിലായി. പലഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20-ല്‍ അധികം സര്‍വകലാശാലകളുടെ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറത്തെ വിവിധ സര്‍വകലാശാലകളുടെ നൂറിലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും കണ്ടെടുത്തത്. വിതരണത്തിനായി സൂക്ഷിച്ചതായിരുന്നു ഇത്. ഉടമ പോത്തനൂര്‍ സ്വദേശി ഇര്‍ഷാദിനെയും സഹായി പുറത്തൂര്‍ സ്വദേശി രാഹുലിനേയും പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചു തരുന്നതെന്ന് ഇവര്‍ മൊഴി നല്‍കി. ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്ന് ജസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജസീം തെലങ്കാനയിലെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി 

തെലങ്കാനയിലും വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയാണ് ജസീം. ചോദ്യം ചെയ്യലില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്നത് ഡാനി എന്നയാളാണെന്ന് ജസിം പൊലീസിനെ അറിയിച്ചു. ശിവകാശിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് ഒരു ലക്ഷത്തിലധികം വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടേ മുദ്രയോട് കൂടിയ പേപ്പറുകളും ഹോളോഗ്രാം, വൈസ് ചാന്‍സിലര്‍ അടക്കമുള്ളവരുടെ സീലുകള്‍, അത്യാധുനിക രീതിയില്‍ ഉള്ള കമ്പ്യൂട്ടറുകള്‍, പ്രിന്‍ററുകള്‍ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദ്ദീന്‍, അരവിന്ദ്, വെങ്കിടേഷ്, എന്നിവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തു. 

കേരളത്തിലും വിദേശത്തും അടക്കം വലിയ ആഡംബര വീടുകളും അപ്പാര്‍ട്ടമെന്റുകളും ബിസിനസും സ്വന്തമാക്കിയിട്ടുള്ള ആളാണ് ഡാനി എന്ന ധനീഷ്. ഒരാളില്‍ നിന്ന് 75,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതുപയോഗിച്ച് വിദേശത്തു നിരവധി ആളുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് ചേര്‍ന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം