ഡോക്ടർ വ്യാജപരാതി നല്‍കി കുടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എലശ്ശേരി സ്വദേശി ജെയ്സണെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: കയ്യേറ്റം ചെയ്തെന്ന വനിതാ മൃഗഡോക്ടറുടെ പരാതിയില്‍ മലപ്പുറം തിരുനാവായയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഡോക്ടർ വ്യാജപരാതി നല്‍കി കുടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എലശ്ശേരി സ്വദേശി ജെയ്സണെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിമൂന്ന് വര്‍ഷത്തോളമായി തിരുനാവായ മൃഗാശുപത്രിക്ക് കീഴിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെകടറാണ് എലശ്ശേരി ജെയ്സണ്‍. അവിടെയുണ്ടായിരുന്ന മൃഗഡോക്ടര്‍ കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നില്ലെന്നാരോപിച്ച് നേരത്തെ കളക്ടറേറ്റിന് മുന്നിലും മൃഗാശുപത്രിക്ക് സമീപവും സമരം നടത്തിയ ജയ്സണ്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. ഇതിന് പിന്നാലെയാണ് കയ്യേറ്റം ചെയ്തെന്ന വനിതാ മൃഗഡോക്ടറുടെ പരാതിയില്‍ ജെയിസണെ തിരൂര് പൊലീസ് അറസ്റ്റ് ചെയ്തത്.

കര്‍ഷകരുടെ പക്ഷത്ത് നിന്നതിന്റെ പേരില്‍ വനിതാ ഡോക്ടറും ഇവരെ പിന്തുണയ്ക്കുന്ന സംഘനകളും വ്യാജപരാതി നല്‍കി വേട്ടയാടുകയാണെന്നാണ് ജെയ്സന്റെയും കുടുംബത്തിന്റെയും പരാതി. പ്രതിഷേധ സൂചകമായി ജെയിസണ്‍ ജാമ്യാപേക്ഷ നല്‍കിയില്ല. പക്ഷാഘാതം വന്ന തന്റെ പിതാവിനെ ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒരു കൊടുംകുറ്റവാളിയെപ്പോലെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ജെയ്സണിന്റെ ഭാര്യ പറയുന്നു. 

ജെയിസണിനെതിരെ നേരത്തെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും ഇതിന്റെ ഭാഗമായി പല തവണ ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് പരാതി നല്‍കിയ വനിതാ മൃഗഡോക്ടറുടെ പ്രതികരണം. ഇരുവരും തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായതിന് ശേഷം ഡോക്ടറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.

Read Also: മാനസിക വെല്ലുവിളിയുള്ള വയോധികനെ ക്രൂരമായി മര്‍ദ്ദിച്ചു; തിരുവനന്തപുരത്ത് ചുമട്ടുതൊഴിലാളി അറസ്റ്റിൽ